എന്‍എച്ച്എസില്‍ എല്ലാ കാര്യങ്ങളും കൃത്യവും, വ്യക്തവുമായി നടക്കുന്നുവെന്ന് ആര്‍ക്കും ഉറപ്പ് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രത്യേകിച്ച് ജീവനക്കാരുടെ ക്ഷാമവും, ഫണ്ടിംഗ് പ്രശ്‌നവുമെല്ലാം പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. ഈ ഘട്ടത്തിലാണ് രോഗികള്‍ക്ക് തെറ്റായ ശരീര ഭാഗങ്ങളില്‍ സര്‍ജറി നടത്തിയതിന്റെ പേരില്‍ എന്‍എച്ച്എസിന് 16 മില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നിരിക്കുന്നത്.
2019 മുതല്‍ 340 സുപ്രധാന വീഴ്ചകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവയ്ക്കാണ് ഈ വമ്പന്‍ തുക സംഭാവന നല്‍കേണ്ടി വന്നത്. ഇരകളില്‍ ചിലരുടെ തെറ്റായ അവയവങ്ങള്‍ മുറിച്ചെടുക്കുകയും, കൈകാലുകള്‍ സ്ഥലം മാറി മുറിയ്ക്കുകയും, അകാരണമായി പല്ല് പറിക്കുകയും വരെ ചെയ്തിട്ടുണ്ട്.
ഒരു ഓവറിക്ക് പകരം രണ്ട് ഓവറികളും നീക്കം ചെയ്യപ്പെട്ട സംഭവവും ഇതില്‍ പെടുന്നു. ഈ ഏപ്രില്‍ മുതല്‍ മാത്രം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതെന്ന ഗണത്തില്‍ പെടുന്ന 70 വീഴ്ചകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നഷ്ടപരിഹാരത്തിന് പുറമെ നിയമ ചെലവുകളും കൂടി കണക്കാക്കുമ്പോള്‍ എന്‍എച്ച്എസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകള്‍ക്ക് നികുതിദായകന്‍ വഹിക്കുന്ന ബില്‍ 26 മില്ല്യണ്‍ പൗണ്ട് വരെയാകും.
ഏകദേശം 900 നഴ്‌സുമാര്‍ക്ക് തുടക്ക ശമ്പളം നല്‍കാന്‍ കഴിയുന്ന തോതിലാണ് വീഴ്ചകള്‍ മൂലമുള്ള ബില്ലിന്റെ വലുപ്പം.