വിന്ററില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ള രോഗികള്‍ മരിച്ചുവീഴുന്നത് ഒരു കാരണവശാലും തടയാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി. എന്‍എച്ച്എസിലേക്ക് മില്ല്യണ്‍ കണക്കിന് പൗണ്ട് ഒഴുക്കിയാലും തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ മാത്രമാണ് സാധിക്കുകയെന്നാണ് വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കുന്നത്.
നികുതികള്‍ വര്‍ദ്ധിപ്പിച്ച് പണം കണ്ടെത്താന്‍ ശ്രമിക്കുന്ന ലേബര്‍ ബജറ്റ് കൊണ്ട് ഇത്തരമൊരു പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ മുന്നറിയിപ്പ്. അധിക ഫണ്ടിംഗ് ലഭിക്കുന്നത് കൊണ്ടൊന്നും കാര്യമായ മെച്ചപ്പെടുത്തല്‍ ഉണ്ടാകാന്‍ ഇടയില്ലെന്ന് പറഞ്ഞ സ്ട്രീറ്റിംഗ് വിന്ററില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികള്‍ മരിക്കുന്നത് തടയാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.
സൗത്ത് ലണ്ടനിലെ ടൂട്ടിംഗിലുള്ള സെന്റ് ജോര്‍ജ്ജ് ഹോസ്പിറ്റലില്‍ സംസാരിക്കവെയാണ് തന്റെ കൈയില്‍ മാജിക് വടിയൊന്നും ഇല്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞത്. എന്‍എച്ച്എസ് വരും മാസങ്ങളില്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ ഹെല്‍ത്ത് സര്‍വ്വീസിന് ഏറ്റവും കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പറയുമ്പോഴാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ വൈരുദ്ധ്യാത്മകമായ പ്രതികരണം. 2010ന് ശേഷം ആദ്യമായി പുതിയ ആശുപത്രികള്‍ക്കും, സ്‌കാനറുകള്‍ക്കും, ടെക്‌നോളജിക്കുമായി ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്ന പദ്ധതികള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.
ഒരു മാറ്റവും ഉണ്ടായില്ലെങ്കില്‍ രോഗികള്‍ കാത്തിരുന്ന് മരിക്കുന്നത് തുടരുമെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ വൈസ് പ്രസിഡന്റ് ഡോ. ഇയാന്‍ ഹിഗിന്‍സണ്‍ പറഞ്ഞു.