ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാലന്റിന് പകരം വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സിനെ പുതിയ പ്രതിരോധ മന്ത്രിയായി നിയമിച്ചതായി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് പ്രതിരോധ മന്ത്രിയെ മാറ്റുന്നതെന്നാണ് വിശദീകരണം.
'ഒരു യുദ്ധത്തിനിടയില്‍, പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും തമ്മിലുള്ള പൂര്‍ണ്ണ വിശ്വാസം എന്നത്തേക്കാളും അത്യാവശ്യമാണ്. ആദ്യ മാസങ്ങളില്‍ അത്തരം വിശ്വാസവും ഫലപ്രദമായ പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു. സമീപ മാസങ്ങളില്‍ എനിക്കും പ്രതിരോധ മന്ത്രിക്കും ഇടയില്‍ വിശ്വാസത്തില്‍ വിള്ളലുണ്ടായിട്ടുണ്ട്. അത് ജനങ്ങളും ശത്രുക്കളും വരെ അറിയുന്ന അവസ്ഥിലെത്തി. ശത്രുക്കള്‍ അതില്‍ ആനന്ദം കണ്ടെത്തുകയും നേട്ടമുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി '- നെതന്യാഹു വിശദീകരിച്ചു. 'ഇസ്രയേലിന്റെ സുരക്ഷ എന്റെ ജീവിത ദൗത്യമായിരുന്നു, ഇനിയുമങ്ങനെ ആയിരിക്കു'മെന്ന് ഗാലന്റ് സമൂഹ മാധ്യമത്തില്‍ കുറിച്ചു.
ഇസ്രയേല്‍ - ഹമാസ് യുദ്ധകാലം മുതല്‍ തന്നെ നെതന്യാഹുവും യോവ് ഗാലന്റും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഒക്ടോബര്‍ ഏഴിനുണ്ടായ ഹമാസ് ആക്രമണത്തിന് ശേഷം ഗാസയില്‍ നടത്തിയ യുദ്ധം സംബന്ധിച്ചായിരുന്നു അഭിപ്രായ വ്യത്യാസം. സൈനിക നടപടി കൊണ്ട് മാത്രം കാര്യമില്ലെന്നും നയതന്ത്രപരമായ നടപടികള്‍ കൂടിയുണ്ടെങ്കിലേ ബന്ദികളെ മോചിപ്പിക്കാന്‍ കഴിയൂവെന്ന് ഗാലന്റ് നിലപാടെടുത്തിരുന്നു. അത് നെതന്യാഹുവിന് ഉള്‍ക്കൊള്ളാനായില്ല.