നിങ്ങളുടെ വാഹനത്തില്‍ ഒരാള്‍ മനഃപ്പൂര്‍വ്വം മോപ്പഡ് ഇടിച്ച് കയറ്റി അപകടം സൃഷ്ടിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ അത്തരം സാഹചര്യങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ടോ? എങ്കില്‍ ഇതൊരു അപൂര്‍വ്വ സംഭവം മാത്രമായി തള്ളിക്കളയേണ്ടതില്ല. ഇത്തരം വ്യാജമായി വാഹനാപകടം സൃഷ്ടിച്ച് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തട്ടുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപകമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിന് പുറമെ ഇത്തരം മോപ്പഡ് അപകട തട്ടിപ്പുകാരുടെ പ്രവര്‍ത്തനം ഒരു വര്‍ഷത്തിനിടെ നാലിരട്ടി വര്‍ദ്ധിച്ചുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ പണം തട്ടുന്ന മോപ്പഡ് അപകടങ്ങളുടെ കെണിയില്‍ പെട്ട് ഡ്രൈവര്‍മാര്‍ക്ക് വലിയ വില നല്‍കേണ്ടി വരുന്നതായാണ് ഇന്‍ഷുറന്‍സ് കമ്പനി ഡയറക്ട് ലൈന്‍ വ്യക്തമാകുന്നത്.
12 മാസങ്ങള്‍ക്കിടെ 380 ശതമാനം വര്‍ദ്ധനവാണ് ഇത്തരം കേസുകളില്‍ ഉണ്ടായിട്ടുള്ളത്. പണം തട്ടാന്‍ ലക്ഷ്യമിട്ടുള്ള ഈ സംഭവങ്ങളില്‍ നിരപരാധികളായ ഡ്രൈവര്‍മാരുടെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം സൃഷ്ടിക്കുകയും പണം തട്ടുകയുമാണ് ചെയ്യുന്നത്. ഇടറോഡുകളിലും, പാര്‍ക്കിംഗ് സ്‌പേസുകളിലും മറഞ്ഞിരുന്ന് വാഹനങ്ങള്‍ക്ക് മുന്നിലേക്ക് മനഃപ്പൂര്‍വ്വം ഇടിച്ചുകയറിയാണ് അപകടം ഉണ്ടാക്കുന്നത്.
ഇടിച്ചില്ലെങ്കിലും മറിഞ്ഞുവീണ് അഭിനയിച്ച് കാറുകാരുടെ പക്കല്‍ നിന്നും കുറ്റസമ്മതം ഏറ്റുവാങ്ങും. ആഗസ്റ്റ് വരെയുള്ള മൂന്ന് വര്‍ഷങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ക്ക് 4000 പേരെങ്കിലും ഇരയായിട്ടുണ്ടെന്നാണ് കണക്ക്. 21 ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ കണക്കുകളില്‍ നിന്നുമാണ് ഇത് വ്യക്തമായത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ഇന്‍ഷുറന്‍സ് ഫ്രോഡ് ബ്യൂറോയും, സിറ്റി ഓഫ് ലണ്ടന്‍ പോലീസിലെ ഇന്‍ഷുറന്‍സ് ഫ്രോഡ് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റും അന്വേഷണം നടത്തുന്നുണ്ട്.