ബിസിനസ്സുകള്‍ രാജ്യത്തിന്റെ പുരോഗതിക്കായി കൂടുതല്‍ പണം നല്‍കണമെന്നാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ നിലപാട്. ഇതിന്റെ ഭാഗമായി ഇവര്‍ പല നികുതികളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതിനൊപ്പമാണ് എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനും ഉയര്‍ത്തിയത്. ബിസിനസ്സുകളെ പിഴിയാനുള്ള ഈ പണി പക്ഷെ തിരിച്ചടിയായി മാറിയത് ജിപി പ്രാക്ടീസുകള്‍ക്കാണ്.
ചെറുകിട ബിസിനസ്സുകളുടെ ഗണത്തില്‍ ഗവണ്‍മെന്റ് കോണ്‍ട്രാക്ടിന് കീഴിലാണ് ജിപി പ്രാക്ടീസുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനയില്‍ നിന്നും എന്‍എച്ച്എസിനും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്ന സുരക്ഷ ജിപിമാര്‍ക്ക് ലഭിക്കില്ല. ഇതോടെ കൂടുതല്‍ എന്‍ഐ നല്‍കാന്‍ നിര്‍ബന്ധിതമാകുന്ന ജിപി പ്രാക്ടീസുകള്‍ക്ക് താഴുവീഴുന്നതിനാല്‍ രണ്ട് മില്ല്യണിലേറെ ജിപി അപ്പോയിന്റ്‌മെന്റുകള്‍ അപകടത്തിലാകുമെന്നാണ് പഠനം വെളിവാക്കുന്നത്.
കഴിഞ്ഞ മാസം അവതരിപ്പിച്ച ബജറ്റില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് എന്‍ഐ കോണ്‍ട്രിബ്യൂഷന്‍ ഏപ്രില്‍ മുതല്‍ 13.8 ശതമാനത്തില്‍ നിന്നും 15 ശതമാനത്തിലേക്കാണ് വര്‍ദ്ധിപ്പിക്കുന്നത്. ഇതുവഴി സര്‍ജറികളുടെ ശരാശരി ടാക്‌സ് ബില്‍ പ്രതിവര്‍ഷം 20,000 പൗണ്ടിലേക്കാണ് ഉയരുന്നത്. ഇതോടെ ഇംഗ്ലണ്ടിലെ 6275 പ്രാക്ടീസുകളില്‍ നിന്നായി 125.5 മില്ല്യണ്‍ പൗണ്ടാണ് സ്വരൂപിക്കുക.
ഓരോ രോഗിയുടെ അപ്പോയിന്റ്‌മെന്റിനും സര്‍ജറികള്‍ക്ക് 56 പൗണ്ട് ചെലവുണ്ട്. നികുതി വര്‍ദ്ധനവില്‍ നിന്നും രക്ഷപ്പെടാന്‍ 2.24 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകള്‍ വെട്ടിനിരത്തപ്പെടുമെന്നാണ് ആശങ്ക. ജീവനക്കാരുടെ എണ്ണവും, അപ്പോയിന്റ്‌മെന്റുകളും കുറയ്ക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് ഫാമിലി ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില സ്ഥാപനങ്ങള്‍ പൂട്ടേണ്ടിയും വരും.