ലോകത്തിന് ആശ്വാസമായി ഇസ്രയേല്‍ - ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു. അമേരിക്കയുടെയും ഫ്രാന്‍സിന്‍േറയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചതോടെയാണ് ഇസ്രയേല്‍ - ഹിസ്ബുള്ള യുദ്ധത്തിന് പരിഹാരമാകുന്നത്. ഹിസ്ബുള്ള ലിറ്റനി നദിയുടെ കരയില്‍ നിന്ന് പിന്മാറണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് അംഗീകരിക്കപ്പെട്ടത്. ഇസ്രയേല്‍ സൈന്യവും ലെബനന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഇസ്രയേല്‍ സുരക്ഷ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് യുദ്ധം അവസാനിക്കുന്നത്. നേരത്തെ തന്നെ ഹിസ്ബുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിച്ചിരുന്നു, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ ഇക്കാര്യം അറിയിക്കാനായി ലോകത്തെ അഭിസംബോധന ചെയ്തു. ലെബനന്‍ - ഇസ്രയേല്‍ വെടിനിര്‍ത്തല്‍ വിവരം പങ്കുവച്ച ബൈഡന്‍, നല്ല വാര്‍ത്തയാണെന്നും ആശ്വാസകരമായ തീരുമാനമാണ് ഇതെന്നും വ്യക്തമാക്കി.
ഹിസ്ബുള്ളയടക്കം ധാരണ ലംഘിച്ചാല്‍ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ എല്ലാ അവകാശങ്ങളും ഉണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഹിസ്ബുള്ള ധാരണ ലംഘിച്ചാല്‍ ഇസ്രയേല്‍ കനത്ത തിരിച്ചടിക്ക് മുതിരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്.