
















നടന്‍ സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസിലെ ഇന്‍കംടാക്‌സ് റെയ്ഡില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നടന്‍ സൗബിന്‍ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. സിനിമ നിര്‍മാണത്തിന്റെ മറവില്‍ കളളപ്പണ ഇടപാട് സംശയിക്കുന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍.
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കിയെന്നും എന്നാല്‍ 44 കോടി രൂപ ആദായനികുതി ഇനത്തില്‍ നല്‍കേണ്ടിയിരുന്നത് അടച്ചില്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളക്കണക്കാണെന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്.
നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. എന്നാല്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തത് സഹായി ഷോണ്‍ ആണെന്നാണ് സൗബിന്റെ വിശദീകരണം. അതേസമയം, പരിശോധന അവസാനിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പരിശോധനയില്‍ പറവ ഫിലിംസ് യഥാര്‍ഥ വരുമാന കണക്കുകള്‍ നല്‍കിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.