യുകെയിലെ ഇടത് പുരോഗമന സംഘടനയായ സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനം ശനിയാഴ്ച. ബര്‍മിങ്മിലെ നേം പാരിഷ് സെന്ററിലെ സിതാറാം യെച്ചൂരി നഗറാണ് സമ്മേളനവേദി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ കെ കെ ശൈലജ ടീച്ചര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമീക്ഷയുടെ 33 യൂണിറ്റുകളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗവും തദേശസ്വയം ഭരണ- എക്‌സൈസ് വകുപ്പ് മന്ത്രിയുമായ എംബി രാജേഷ് പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ജൂലൈ അവസാന വാരം തുടങ്ങിയ യൂണിറ്റ്-ഏരിയാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് സമീക്ഷ ദേശീയ
സമ്മേളനത്തിലേക്ക് കടക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് ദേശീയ സമ്മേളനം രൂപം നല്‍കും. പുതിയ കാലത്തിനൊത്ത് നയപരിപാടികള്‍ ആവിഷ്‌കരിക്കും. കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍
ഉള്‍ക്കൊണ്ട് ആവശ്യമായ തിരുത്തലുകള്‍ വരുത്തും. അടുത്ത വര്‍ഷങ്ങളില്‍ സമീക്ഷയെ നയിക്കാന്‍ പുതിയ നാഷണല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുക്കും. പ്രതിനിധി സമ്മേളനത്തിന് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ എല്ലാ
മതേതര-ജനാധിപത്യവിശ്വാസികള്‍ക്കും പങ്കെടുക്കാം. ദേശീയ സമ്മേളനത്തിനായി സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട വിപുലമായ
തയ്യാറെടുപ്പുകളാണ് നടന്നുവരുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ആതിഥേയരായ ബിര്‍മിങ്ഹാം യൂണിറ്റ് കമ്മിറ്റി അറിയിച്ചു. ഇതിനിടെ ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് സമീക്ഷ സംഘടിപ്പിച്ച
ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സ്റ്റോക്ക്‌പോര്‍ട്ടില്‍ നിന്നുള്ള കൃഷ്ണദാസ് രാമാനുജം ഒന്നാംസ്ഥാനവും നോര്‍ത്താംപ്റ്റണില്‍ നിന്നുള്ളഅജയ് ദാസ് രണ്ടാംസ്ഥാനവും നേടി. ദിപിന്‍ മോഹനാണ് ലോഗോ മത്സരത്തിലെ വിജയി. ദേശീയ സമ്മേളനത്തിന്റെ ഔദ്യോഗിക ലോഗോ ആയി ഇത് തെരഞ്ഞെടുത്തു. മത്സരവിജയകള്‍ക്കുള്ള സമ്മാനം പൊതുസമ്മേളനത്തില്‍ വിതരണം ചെയ്യും