മരണങ്ങള്‍ കുടുംബത്തെയും, സുഹൃത്തുക്കളെയും സംബന്ധിച്ച് ദുഃഖകരമായ കാര്യമാണ്. അവര്‍ ദുഃഖത്തിന്റെ കൊടുമുടി കയറി നില്‍ക്കുമ്പോള്‍ ബാക്കിയുള്ള കാര്യങ്ങളെല്ലാം ഫ്യൂണറല്‍ സര്‍വ്വീസ് നടത്തുന്നവരെ ഏല്‍പ്പിക്കും. എന്നാല്‍ ഈ അണ്ടര്‍ടേക്കര്‍മാരും ചിലപ്പോള്‍ കരഞ്ഞുപോകാറുണ്ട്, അത് ദുഃഖഭാരം കൊണ്ടല്ല, അവര്‍ ചുമക്കുന്ന ഭാരം കൊണ്ടാണെന്നതാണ് വസ്തുത!
ബ്രിട്ടന്റെ അമിതഭാര പ്രതിസന്ധിയാണ് അണ്ടര്‍ടേക്കര്‍മാരുടെ തോളൊടിക്കുന്നത്. മൃതശരീരങ്ങള്‍ക്കും, ശവപ്പെട്ടികള്‍ക്കും ഭാരം ഏറിയതോടെ ഇവര്‍ക്ക് നടുവേദന മുതല്‍ എല്ല് ഒടിയല്‍ വരെ ഗുരുതര പരുക്കുകള്‍ ഏല്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. ശവപ്പെട്ടികളുടെ ഭാരം വര്‍ദ്ധിക്കുന്നത് മൂലം ഫ്യൂണറല്‍ ഡയറക്ടര്‍മാര്‍ നേരിടുന്ന പ്രതിസന്ധിയാണ് ഡെയ്‌ലി ടെലിഗ്രാഫ് പുറത്തുവിട്ടത്.
നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് കണക്കുകള്‍ പ്രകാരം ജനസമൂഹം ഒരു തലമുറ മുന്‍പത്തേക്കാള്‍ ആറ് കിലോയോളം അധിക ഭാരമുള്ളവരാണ്. മധ്യവയസ്‌കരായ പുരുഷന്‍മാരുടെ അരവണ്ണം ഇപ്പോള്‍ ഏകദേശം 40 ഇഞ്ചും, സ്ത്രീകളുടേത് 36 ഇഞ്ചുമാണ്. ഈ വിഷയം എന്‍എച്ച്എസില്‍ ചെലുത്തുന്ന സമ്മര്‍ദത്തിന് പുറമെയാണ് ഇത് മരിച്ച ശേഷവും ചിലര്‍ക്ക് പണിയായി മാറുന്നത്.
ഭാരം കൂടിയ ആളുകളെ കിടത്താന്‍ വലിയ ശവപ്പെട്ടികള്‍ ആവശ്യമായി വരുന്നതോടെയാണ് ഫ്യൂണറല്‍ ഡയറക്ടര്‍മാര്‍ അധികഭാരം ചുമക്കേണ്ടി വരുന്നതും, പരുക്കുകള്‍ ഏല്‍ക്കുന്നതും. എല്ല് ഒടിയുന്നതിന് പുറമെ ഒരു അണ്ടര്‍ടേക്കറുടെ കാല് വരെ മുറിച്ച് മാറ്റേണ്ട അവസ്ഥ നേരിട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ക്ക് ഭാരം കൂടാന്‍ തുടങ്ങിയതോടെ ട്രോളികള്‍ ഉപയോഗിക്കുന്നത് ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.