ഒരു ഇടവേളയ്ക്ക് ശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറി ഓവല്‍ ഓഫീസില്‍ തിരിച്ചെത്തിയ ഡൊണാള്‍ഡ് ട്രംപ് ആദ്യ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ ഒപ്പുവെച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തന്നെ അനുകൂലിച്ച് കലാപം അഴിച്ചുവിട്ടവര്‍ക്ക് മാപ്പ് അനുവദിച്ചതിന് പിന്നാലെ അപകടകാരികളായ മെക്‌സിക്കന്‍ മയക്കുമരുന്ന് സംഘങ്ങളെ തീവ്രവാദികളായി പ്രഖ്യാപിക്കാനും പ്രസിഡന്റ് തയ്യാറായി.
ഓവല്‍ ഓഫീസില്‍ പുതിയ പ്രസിഡന്റിനെ കാത്ത് മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കത്തും കാത്തിരുന്നു. ജനുവരി ആറിന് കലാപം നടത്തിയ ഏകദേശം 1500 പ്രതികള്‍ക്കാണ് ട്രംപ് മാപ്പ് പ്രഖ്യാപിച്ചത്. ഇവര്‍ക്കെതിരായി ബാക്കിയുള്ള 450 ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അറ്റോണി ജനറലിന് ഉത്തരവ് നല്‍കി. നാല് വര്‍ഷം മുന്‍പ് തെരഞ്ഞെടുപ്പ് തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ വിധി അട്ടിമറിക്കാന്‍ തനിക്കൊപ്പം നിന്നവര്‍ക്കാണ് ട്രംപ് ഈ സഹായം പ്രഖ്യാപിച്ചത്.
പുതിയ ഭരണകൂടത്തിനൊപ്പം ആഘോഷിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപ് മാധ്യമപ്രവര്‍ത്തകരെ ആദ്യ ഓവല്‍ ഓഫീസ് സന്ദര്‍ശനത്തിന് ക്ഷണിച്ചത്. റെസൊലൂട്ട് ഡെസ്‌കില്‍ നിന്നുമാണ് ട്രംപിന് ബൈഡന്റെ കത്ത് ലഭിച്ചത്. എന്നാല്‍ ആദ്യം താന്‍ സ്വകാര്യമായി ഇത് വായിച്ച ശേഷം പുറത്തുവിടുന്ന കാര്യം ആലോചിക്കാമെന്നാണ് ട്രംപ് പ്രതികരിച്ചത്.
നിയമപരമായ കുടിയേറ്റത്തെയാണ് അനുകൂലിക്കുന്നതെന്ന് വ്യക്തമാക്കിയാണ് യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ ട്രംപ് ദേശീയ എമര്‍ജന്‍സി പ്രഖ്യാപിച്ചത്. അഭയാര്‍ത്ഥികളെ റീസെറ്റില്‍ ചെയ്യിക്കുന്നത് സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ യുഎസില്‍ ജനിക്കുന്നവര്‍ക്ക് സ്വാഭാവികമായി പൗരത്വം ലഭിക്കുന്ന രീതിക്കും അവസാനം കുറിച്ചു. എന്നാല്‍ 1868 മുതല്‍ യുഎസ് ഭരണഘടന നല്‍കുന്ന ജനനത്തിലൂടെയുള്ള പൗരത്വം അട്ടിമറിക്കുന്നതിന് നിയമപരമായ വെല്ലുവിളി നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ട്രംപ് സമ്മതിക്കുന്നു.
ഇതിന് പുറമെ ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍വാങ്ങാനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറിലും ട്രംപ് ഒപ്പുവെച്ചു. അഞ്ച് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഡബ്യുഎച്ച്ഒയില്‍ നിന്നും പിന്‍മാറാനുള്ള ട്രംപിന്റെ ഉത്തരവ്. എന്നാല്‍ അപകടകരമായ മഹാമാരികള്‍ക്കും, വിവിധ രോഗങ്ങള്‍ക്കും എതിരായ പ്രതിരോധ സാധ്യതയാണ് ഇത് തകര്‍ക്കുകയെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഫെബ്രുവരി 1 മുതല്‍ കാനഡയ്ക്കും, മെക്‌സിക്കോക്കും മേല്‍ 25% നികുതി ഏര്‍പ്പെടുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.