റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് 0.25% വെട്ടിക്കുറച്ചു. ഇതോടെ റീപ്പോനിരക്ക് ദശാബ്ദത്തിലെ തന്നെ ഉയരമായ 6.50 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായി. 5 വര്‍ഷത്തിനിടെ ആദ്യമായാണ് നിരക്ക് കുറക്കുന്നത്. 2020 മെയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. കഴിഞ്ഞ പതിനൊന്ന് യോഗങ്ങളിലും ആര്‍ബിഐ പലിശ നിരക്ക് കുറച്ചിട്ടില്ല.
ബാങ്കുകള്‍ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക, സ്വര്‍ണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്കും ആനുപാതികമായി കുറയുമെന്നത് ജനങ്ങള്‍ക്കു വന്‍ ആശ്വാസമാകും. കേന്ദ്ര ബജറ്റില്‍ ആദായനികുതി ഭാരം കുറച്ചതിനു തൊട്ടുപിന്നാലെയാണ് വായ്പകളുടെ പലിശഭാരവും കുറയുകയെന്നത് വന്‍ നേട്ടമാണ്.
വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതല്‍ റിപ്പോ 6.5 ശതമാനത്തില്‍ തുടരുകയാണ്. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കില്‍ ആര്‍ബിഐ മാറ്റം വരുത്തിയത്. അന്ന് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു.