നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിയുമായി ഒന്ന് കൈകോര്‍ത്താല്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് ഈസിയായി ലേബറിനെ ഭരണത്തില്‍ നിന്നും മറിച്ചിടാമെന്നായിരുന്നു ഇന്നലെ വരെ പലരും ഉപദേശിച്ചിരുന്നത്. എന്നാല്‍ ടോറി നേതാവ് കെമി ബാഡെനോക് ഉള്‍പ്പെടെ പല കണ്‍സര്‍വേറ്റീവുകളും ഈ ഉപദേശം തള്ളി. ഇപ്പോള്‍ ടോറികളെ മറികടന്ന് റിഫോം യുകെ മുന്നിലെത്തിയതോടെ ഈ ഉപദേശം തള്ളാനും, കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് കണ്‍സര്‍വേറ്റീവുകള്‍.
ലേബര്‍ പാര്‍ട്ടിയെ അപ്രസക്തമാക്കാന്‍ റിഫോം യുകെയുമായി വിശാല സഖ്യം രൂപീകരിക്കുന്നതിനെ ഇപ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ തള്ളുന്നില്ല. ഷാഡോ മന്ത്രി അലക്‌സ് ബുര്‍ഗാര്‍ട്ട് ഈ ആശയം പൂര്‍ണ്ണമായി തള്ളാതെ രംഗത്തെത്തി. നിഗല്‍ ഫരാഗിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നേതാവ് കെമി ബാഡെനോക്കിന് തങ്ങളുടെ ആദ്യ ഇമിഗ്രേഷന്‍ നയം മുന്‍കൂറായി പ്രഖ്യാപിക്കേണ്ടി വന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
എന്നാല്‍ ടോറികള്‍ സ്വരം മയപ്പെടുത്തുമ്പോള്‍ മറിച്ചുള്ള നിലപാടിലേക്കാണ് റിഫോം യുകെയുടെ നീക്കം. ടോറികളുമായി സഹകരിക്കേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ നിലവിലില്ലെന്ന് റിഫോം വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പില്‍ പൂര്‍ണ്ണമായും ഇല്ലാതാകുന്നത് ഒഴിവാക്കാന്‍ ഒരുമിക്കണമെന്ന സീനിയര്‍ ടോറികളുടെ വാദമാണ് നിഗല്‍ ഫരാഗിന്റെ പാര്‍ട്ടി തള്ളിക്കളഞ്ഞത്.
അവസാനമായി പുറത്തുവന്ന യൂഗോവ് പോളില്‍ ലേബര്‍ പാര്‍ട്ടിക്ക് മുന്നിലേക്ക് റിഫോം എത്തിയിരുന്നു. ഈ ഘട്ടത്തില്‍ അടുത്ത തെരഞ്ഞെടുപ്പ് വിജയിക്കുന്നതിലാണ് റിഫോമിന്റെ ശ്രദ്ധയെന്ന് പാര്‍ട്ടി വക്താവ് വ്യക്തമാക്കി. ജോണ്‍സണ്‍, ടോറികള്‍, ലേബര്‍ എന്നിവര്‍ സൃഷ്ടിച്ച കേടുപാടുകള്‍ റിപ്പയര്‍ ചെയ്യണം. ഞങ്ങള്‍ ബ്രിട്ടനെ വീണ്ടും മഹത്തരമാക്കും, വക്താവ് അവകാശപ്പെട്ടു.