ആറ് മാസത്തിനുള്ളില്‍ കാര്യങ്ങള്‍ ശരിപ്പെടുത്താത്ത പക്ഷം റേച്ചല്‍ റീവ്‌സിന്റെ കസേര തെറിക്കുമെന്ന് മുന്നറിയിപ്പ്. 15 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവ് ചുരുക്കല്‍ കൂടി തീരുമാനിച്ചതോടെയാണ് ലേബര്‍ എംപിമാര്‍ക്കിടയില്‍ ചാന്‍സലര്‍ക്ക് എതിരെ രോഷം ശക്തമായത്.
ബുധനാഴ്ച അവതരിപ്പിക്കുന്ന സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റില്‍ മുന്‍പ് പ്രതീക്ഷിച്ചതിലും വലിയ വെട്ടിക്കുറയ്ക്കലാണ് ചാന്‍സലര്‍ പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 11 മാസങ്ങള്‍ക്കിടെ 20 ബില്ല്യണ്‍ പൗണ്ട് അധിക കടമെടുപ്പ് നടത്താനും ചാന്‍സലര്‍ നിര്‍ബന്ധിതമായിരുന്നു. പണപ്പെരുപ്പത്തെ അധികരിച്ചുള്ള ശമ്പളവര്‍ദ്ധനവുകളും, വെല്‍ഫെയര്‍ പേയ്‌മെന്റുകള്‍ കൈവിട്ട് കുതിച്ചതുമാണ് ഇതിന് ഇടയാക്കിയത്.
ഓട്ടം ബജറ്റിനുള്ളില്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ചില്ലെങ്കില്‍ റീവ്‌സിന് മുന്നില്‍ അനുവദിച്ച സമയവും അവസാനിക്കുമെന്ന് സീനിയര്‍ പാര്‍ട്ടി വൃത്തങ്ങളും വ്യക്തമാക്കി. 10 ബില്ല്യണ്‍ പൗണ്ട് ക്രെഡിറ്റില്‍ ലഭിക്കുമെന്നാണ് ചാന്‍സലറുടെ പ്രതീക്ഷയെങ്കിലും വളര്‍ച്ച മുരടിക്കുന്നതിനാല്‍ 5 ബില്ല്യണ്‍ പൗണ്ട് കടവും ഇതോടൊപ്പം ഉണ്ടാകുമെന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതോടെ ലക്ഷ്യമിട്ട തോതിലേക്ക് എത്താന്‍ ചുരുങ്ങിയത് 15 ബില്ല്യണ്‍ പൗണ്ടിന്റെ വെട്ടിക്കുറവ് നടത്താനാണ് ശ്രമം.
ഗവണ്‍മെന്റിന്റെ ദൈനംദിന ചെലവുകള്‍ക്കുള്ള തുക നികുതി വരുമാനത്തിലൂടെ ഈടാക്കണമെന്നാണ് സാമ്പത്തിക നയങ്ങള്‍ ആവശ്യപ്പെടുന്നത്. മറിച്ച് കടമെടുപ്പ് നടത്തരുത്. എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സില്‍ ബിസിനസ്സുകളെ പിഴിഞ്ഞ് 25 ബില്ല്യണ്‍ പൗണ്ട് നേടാനുള്ള ശ്രമങ്ങളാണ് ആത്മവിശ്വാസം തകര്‍ത്ത്, വളര്‍ച്ചയെ പിടിച്ചുകെട്ടിയത്.