CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 55 Minutes 28 Seconds Ago
Breaking Now

പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ മാത്രം 15 കോടി, ഓരോ ജില്ലയിലും ഒന്നരക്കോടിവെച്ച് 20 കോടിയിലേറെ ചെലവാക്കും'; സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ കണക്ക് ഞെട്ടിക്കുന്നത്

പരിപാടികള്‍ക്കായി ഓരോ ജില്ലയിലും ഒന്നരക്കോടിവെച്ച് 20 കോടിയിലേറെ ചെലവാക്കും.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് ഇന്ന് കാസര്‍കോട് തുടക്കമാവുകയാണ്. കോടികള്‍ മുടക്കിയുള്ള വിവിധ പരിപാടികളാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുഖമുള്ള പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ മാത്രം ചെലവ് 15 കോടിയിലേറെയെന്നാണ് വിലയിരുത്തല്‍. പരിപാടികള്‍ക്കായി ഓരോ ജില്ലയിലും ഒന്നരക്കോടിവെച്ച് 20 കോടിയിലേറെ ചെലവാക്കും.

സംസ്ഥാന സര്‍ക്കാരിന്റെ നാലാംവാര്‍ഷികത്തിന് പന്തലും പ്രദര്‍ശനശാലകളും കെട്ടാന്‍ പണംനല്‍കുന്നത് കിഫ്ബി. ഓരോ ജില്ലയിലും കുറഞ്ഞത് ഒന്നരക്കോടിവെച്ച് 20 കോടിയിലേറെയാണ് പ്രതീക്ഷിക്കുന്ന ചെലവ്. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി സമാഹരിക്കുന്ന പണത്തില്‍നിന്നാണ് ഇത് നല്‍കുന്നത്. പ്രചാരണത്തിനും മറ്റു ചെലവുകള്‍ക്കുമായി 27 കോടി നേരത്തേ അനുവദിച്ചിരുന്നു. ഇത് പബ്ലിക് റിലേഷന്‍ വകുപ്പാണ് ചെലവിടുന്നത്.

ഇതുകൂടാതെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും അവയുടെ ചെലവ് കണ്ടെത്തേണ്ടിവരും. ഏഴുദിവസമാണ് ജില്ലകള്‍തോറും 'എന്റെ കേരളം' പ്രദര്‍ശനം. പ്രദര്‍ശന-വിപണന മേളയ്ക്ക് സ്റ്റാളുകള്‍ക്കും മറ്റുമായി എയര്‍ കണ്ടീഷന്‍ചെയ്ത കൂറ്റന്‍ പന്തല്‍ വേണം. തിങ്കളാഴ്ച വാര്‍ഷികാഘോഷത്തിന് തുടക്കമാകുന്ന കാസര്‍കോട് 48,000 ചതുരശ്രയടി പന്തലാണ് തയ്യാറാക്കിയത്. പന്തലിനുള്ള ടെന്‍ഡര്‍ ക്ഷണിക്കുന്നതും കരാറുകാരെ കണ്ടെത്തുന്നതും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ കീഴിലുള്ള കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനാണ്.

ഇത്തവണ 11 ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍ക്കാണ് കരാര്‍. രണ്ടാംവാര്‍ഷികത്തിന് ജില്ലയൊന്നിന് ഏകദേശം 1.29 കോടി ചെലവായെന്നാണ് കണക്ക്. പന്തലിന് പണം നല്‍കാന്‍ തത്ത്വത്തില്‍ അനുമതിയായതായി കിഫ്ബി അധികൃതര്‍ പറഞ്ഞു. എസ്റ്റിമേറ്റ് എത്രയെന്ന് ഈ ഘട്ടത്തില്‍ വ്യക്തമല്ലെന്നാണ് വിശദീകരണം. ഭരണാനുമതി കിട്ടുന്ന അത്രയും തുക ചെലവിടാറില്ലെന്നാണ് പിആര്‍ഡി വിശദീകരണം. അതേസമയം ഇത്തവണ ചെലവ് പരമാവധി ചുരുക്കിയാണ് ആഘോഷം സംഘടിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പ്രദര്‍ശനത്തില്‍ അറുപത് ശതമാനം വാണിജ്യ സ്റ്റാളുകളായിരിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇവയില്‍നിന്ന് വരുമാനം കിട്ടുമെന്നും മന്ത്രി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.