ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അടിയന്തര കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ന് ചേരും. വിദേശ യാത്ര റദ്ദാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കും.
രാഹുല്‍ ഗാന്ധി ഭീകരാക്രമണം നടന്നതിനു പിന്നാലെ അമിത്ഷായുമായി സംസാരിക്കുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്‍സിപി ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ സുരക്ഷാസമിതിയുടെ യോഗം നടന്നിരുന്നു. സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുക, പാക് പൗരന്മാര്‍ക്ക് നല്‍കിയ വിസ റദ്ദാക്കുക തുടങ്ങി പാകിസ്താനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു.
അതേസമയം, പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അതത് സംസ്ഥാനങ്ങളിലേക്ക് എത്തിച്ചു. ഇടപ്പളളി സ്വദേശി എന്‍ രാമചന്ദ്രന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ചു. 15 മിനിറ്റ് പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം റിനൈ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി. വെളളിയാഴ്ച്ചയോടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. ഇടപ്പളളി ശ്മശാനത്തിലാകും രാമചന്ദ്രന്റെ സംസ്‌കാരം.