CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 41 Minutes 37 Seconds Ago
Breaking Now

ഷൈന്‍ ടോം ചാക്കോ ലഹരിക്കേസ്: ദോശ മറിച്ചിടുംപോലെയാണ് ഫെഫ്ക നിലപാട് മാറ്റിയതെന്ന് ജി സുരേഷ് കുമാര്‍

നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരിക്കേസില്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള(ഫെഫ്ക)ക്കെതിരെ ആഞ്ഞടിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഫെഫ്ക പറഞ്ഞത് സ്വന്തം നിലപാടാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം എന്നായിരുന്നു ചര്‍ച്ചയിലെ തീരുമാനമെന്നും ദോശ മറിച്ചിടുംപോലെയാണ് ഫെഫ്ക നിലപാട് മാറ്റിയതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. തീരുമാനമെടുത്ത് 24 മണിക്കൂര്‍ കഴിയുംമുന്‍പേയാണ് ഫെഫ്ക നിലപാട് മാറ്റിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിര്‍മാതാക്കള്‍ക്ക് പ്രശ്നമുണ്ടാക്കുന്നവരെ മാറ്റി നിര്‍ത്തുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും ജി സുരേഷ് കുമാര്‍ വ്യക്തമാക്കി. 'ആരെയും വെറുതെ വിടാന്‍ ശ്രമിക്കില്ല. ഞങ്ങളാണ് തൊഴില്‍ ദാതാക്കള്‍. തൊഴില്‍ കൊടുക്കുന്നവര്‍ക്ക് ശല്യമുണ്ടാക്കുന്ന ഒരാളെയും ഇനി അടുപ്പിക്കില്ല. ശല്യക്കാരായവരെ മാറ്റിനിര്‍ത്തും. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിക്കുന്നവരെ വച്ചുപൊറുപ്പിക്കാനാവില്ല. ശക്തമായ നടപടിയുമായി തന്നെ മുന്നോട്ടുപോകും. നടപടിയെടുക്കും എന്ന് പറഞ്ഞവര്‍ വാക്കുമാറ്റിയത് ശരിയായ നടപടിയല്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സ്വന്തമായ നിലപാടുണ്ട്. തീരുമാനമെടുക്കാന്‍ ആരുടെയും സഹായം വേണ്ട'- ജി സുരേഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞദിവസം ഷൈന്‍ ടോം ചാക്കോ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി സമ്മതിച്ചിട്ടുണ്ടെന്നും തെറ്റ് തിരുത്താന്‍ അദ്ദേഹത്തിന് ഒരു അവസരം കൂടി നല്‍കുകയാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞിരുന്നു. ലഹരി ഉപയോഗിക്കുന്ന ശീലത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഷൈനിന് പ്രഫഷണല്‍ സഹായം ആവശ്യമാണെന്നും തെറ്റുതിരുത്താന്‍ നല്‍കുന്ന അവസാന അവസരമാണ് ഇതെന്നുമാണ് ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സൂത്രവാക്യം സിനിമയുടെ ഐസി യോഗത്തില്‍ വിന്‍സിയുടെ പരാതി ഒത്തുതീര്‍പ്പിലേക്ക് എത്തിയ പശ്ചാത്തലത്തിലാണ് ഫെഫ്കയും ഷൈന്‍ ടോം ചാക്കോയെ വിളിച്ച് വിശദീകരണം ചോദിച്ചത്. അരമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷം ഷൈന് കര്‍ശന താക്കീത് നല്‍കിയിട്ടുണ്ടെന്നും സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും ഫെഫ്ക വ്യക്തമാക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.