ഇന്ത്യ പാക്ക് സംഘര്‍ഷ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ രാജ്യത്തെ അറിയിക്കുന്നതിനു മുന്നില്‍നിന്ന വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും മകള്‍ക്കും നേരെ സൈബര്‍ ആക്രമണം. ഇതോടെ മിസ്രി സമൂഹമാധ്യമ അക്കൗണ്ട് ലോക്ക് ചെയ്തു.
വെടിനിര്‍ത്തല്‍ തീരുമാനം ഉള്‍പ്പെടെ മാധ്യമങ്ങളോടു വിശദീകരിച്ച മിസ്രിയെ, ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടയാളെന്ന നിലയിലാണ് ഒരു വിഭാഗം വിമര്‍ശിക്കുന്നത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായ ശേഷം പാക്കിസ്ഥാന്‍ ഇതു ലംഘിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു അധിക്ഷേപം. വഞ്ചകന്‍, ദേശദ്രോഹി തുടങ്ങിയ പദ പ്രയോഗങ്ങളാണ് മിസ്രിക്കും കുടുംബത്തിനുമെതിരെ അഴിച്ചുവിടുന്നത്. മകളുടെ പൗരത്വവും അഭിഭാഷകന്‍ എന്ന നിലയില്‍ റോഹിന്‍ഗ്യകള്‍ക്ക് വേണ്ടിയുള്ള ഇടപെടലുകളും ആരോപണത്തിന് ആയുധമാക്കി.
സത്യസന്ധമായി രാജ്യത്തിനായി അധ്വാനിക്കുന്ന മാന്യനാണ് മിസ്രിയെന്നും നേതൃത്വം കൈക്കൊണ്ട തീരുമാനത്തിന് ഉദ്യോഗസ്ഥനെ പഴിക്കരുതെന്നും എഐഎഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.