ഹാരി രാജകുമാരനും, ബ്രിട്ടീഷ് രാജകുടുംബവും തമ്മിലുള്ള ബന്ധം അത്രം രസത്തിലല്ലെന്നത് പരസ്യമായ വസ്തുത തന്നെയാണ്. ഹാരി രാജകുമാരനെ എന്തിലും, ഏതിലും എതിര്‍ക്കാനും ഒതുക്കാനും ബ്രിട്ടീഷ് രാജകുടുംബത്തിലെ ചിലരെങ്കിലും ശ്രമിക്കുന്നുണ്ടെന്നും എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് കൂടിയാണ് ബ്രിട്ടനിലെ മാധ്യമങ്ങള്‍ ഹാരിയെ കൊത്താന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്തതിന് പിന്നില്‍.
അതുകൊണ്ട് തന്നെയാകണം ഹാരി രാജകുമാരന്‍ ഒരു സുപ്രധാന നീക്കം നടത്തിയതിന് പിന്നില്‍. പിതാവിന്റെ കുടുംബപ്പേരില്‍ നിന്നും മാറി അമ്മയുടെ കുടുംബപ്പേര് സ്വീകരിക്കാന്‍ ഹാരി ഉപദേശം തേടിയെന്നാണ് റിപ്പോര്‍ട്ട്. ഡയാന രാജകുമാരിയുടെ സഹോദരനോടാണ് കുടുംബപ്പേര് സ്‌പെന്‍സര്‍ എന്നാക്കി മാറ്റുന്നത് സംബന്ധിച്ച് ഹാരി ആലോചന നടത്തിയതെന്ന് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സര്‍ എന്ന കുടുംബപ്പേര് ഉപേക്ഷിച്ച് അമ്മയുടെ സര്‍നെയിം സ്വീകരിക്കാനുള്ള വഴികളെ കുറിച്ചാണ് സസെക്‌സ് ഡ്യൂക്ക് വഴികള്‍ അന്വേഷിച്ചതെന്ന് ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നു. ഹാരിയുടെ മക്കളായ ആര്‍ച്ചി രാജകുമാരനും, ലിലിബെറ്റ് രാജകുമാരിയും ഈ സര്‍നെയിമാണ് ഉപയോഗിക്കുന്നത്.
ഡയാനയുടെ സഹോദരന്‍ ഏള്‍ സ്‌പെന്‍സറുമായി ഹാരി രാജകുമാരന്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നിയമ നൂലാമാലകള്‍ കൂടുതലായിരിക്കുമെന്നാണ് ഉപദേശം കിട്ടിയത്. ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടെന്നാണ് സ്‌പെന്‍സര്‍ ഉപദേശിച്ചതെന്ന് ഹാരിയുടെ സുഹൃത്ത് വെളിപ്പെടുത്തി.
ഡയാനയുടെ സഹോദരനെ ഇത്തരമൊരു ആവശ്യവുമായി ഹാരി ബന്ധപ്പെട്ടെന്ന വാര്‍ത്ത പിതാവിനെയും, സഹോദരനെയും ചൊടിപ്പിക്കുന്നതാണ്. കുടുംബപ്രശ്‌നത്തിന്റെ ആഴം എത്രത്തോളമാണെന്ന് ഇതില്‍ വ്യക്തമാണ്.