ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ കുറ്റവാളികളെ നേരത്തെ പുറത്തുവിടാനും, ജയിലിലേക്ക് അയയ്ക്കാതെ സ്വതന്ത്രമായി നടക്കാനും അനുമതി നല്‍കാനുള്ള ഒരുക്കത്തിലാണ് ലേബര്‍ ഗവണ്‍മെന്റ്. ഉദ്ദേശം ഒന്നുമാത്രം, ജയിലുകളിലെ സ്ഥലപരിമിതിക്ക് പരിഹാരം കാണല്‍! എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇരകളായവര്‍ക്ക് ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന കാര്യത്തില്‍ മൗനത്തിലാണ് ഗവണ്‍മെന്റ്.
ഇതിനിടെയാണ് കാര്യങ്ങള്‍ വിചാരിക്കുന്നത് പോലെ എളുപ്പമല്ലെന്ന് മുന്നറിയിപ്പുമായി പോലീസ് മേധാവികളും, എംഐ 5-വും രംഗത്ത് വന്നിരിക്കുന്നത്. പുതിയ പദ്ധതികളുടെ ഭാഗമായി തടവുകാരെ നേരത്തെ വിട്ടയച്ചാല്‍ ഇത് കൈകാര്യം ചെയ്യാന്‍ പാകത്തിനുള്ള ഫണ്ടും അനുവദിക്കേണ്ടി വരുമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
മെട്രോപൊളിറ്റന്‍ പോലീസ്, എംഐ 5, നാഷണല്‍ ക്രൈം ഏജന്‍സി എന്നിവരുടെ മേധാവികളാണ് തടവുകാരെ മുന്‍കൂര്‍ വിട്ടയയ്ക്കാനുള്ള പദ്ധതിയെ കുറിച്ച് ജസ്റ്റിസ് മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കി കത്തയച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.
പദ്ധതിയുടെ പ്രത്യാഘാതങ്ങളും, നീതിന്യായ വ്യവസ്ഥ നിലനിര്‍ത്താനും വരുന്ന ചെലവഴിക്കല്‍ റിവ്യൂവില്‍ ആവശ്യത്തിന് ശ്രോതസ്സുകള്‍ ഉള്‍പ്പെടുത്തണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ജോലിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് യുകെയിലെ ആറ് മുതിര്‍ന്ന പോലീസ് മേധാവികള്‍ ടൈംസില്‍ എഴുതിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.