ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങള്‍ക്ക് നേരേ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇറാനിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണത്തെ ഫലപ്രദമായി തടയാനായെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിസൈലുകള്‍ പ്രതിരോധിച്ചെന്നും സായുധസേന ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ അതിര്‍ത്തിയും വ്യോമപാതയും സുരക്ഷിതമാണെന്നും ഖത്തര്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഏതുഭീഷണി നേരിടാനും ഖത്തറിന്റെ സായുധസേനകള്‍ സജ്ജമാണെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.
ഖത്തറിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് ഓപ്പറേഷന്‍ ബഷാരത്ത് അല്‍-ഫത്ത് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ആക്രമണത്തിന് തൊട്ടുമുന്‍പ് ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചിരുന്നു. ഇറാന്റെ ആക്രമണത്തെ അപലപിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മജീദ് അല്‍ അന്‍സാരി രംഗത്തെത്തി. ഖത്തറിന്റെ പരമാധികാരത്തിന്റേയും അന്താരാഷ്ട്ര നിയമത്തിന്റേയും ലംഘനമാണ് നടന്നതെന്ന് മജീദ് അല്‍ അന്‍സാരി പറഞ്ഞു. ആക്രമണത്തില്‍ ആളപായമോ പരിക്കോയില്ല. ഇറാന്‍ നടത്തിയത് യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമാണ്. ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. ഇതിനായി അടിയന്തരമായി ചര്‍ച്ചകളിലേയ്ക്ക് കടക്കണമെന്നും മജീദ് അല്‍ അന്‍സാരി ആവശ്യപ്പെട്ടു.