2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നടനും പാര്‍ട്ടി അധ്യക്ഷനുമായ വിജയ്യെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് വിജയ്യെ ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഡിഎംകെയുമായോ ബിജെപിയുമായോ ഒളിഞ്ഞും തെളിഞ്ഞുമുളള യാതൊരു സഖ്യവുമുണ്ടാകില്ലെന്ന് വിജയ് വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് രാഷ്ട്രീയ, ജനകീയ പ്രശ്നങ്ങളുയര്‍ത്തി സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്ത് പര്യടനം നടത്തും. പ്രത്യയശാസ്ത്ര ശത്രുക്കളുമായോ വിഭാഗീയ ശക്തികളുമായോ നേരിട്ടോ അല്ലാതെയോ ഒരിക്കലും സഖ്യം പാടില്ലെന്ന പ്രമേയം ടിവികെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അംഗീകരിച്ചു.
ഇംഗ്ലീഷ് ഭാഷയെക്കുറിച്ചുളള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശങ്ങള്‍ ദുരുദ്ദേശപരവും തമിഴ്നാടിന്റെ ദ്വിഭാഷാ നയത്തിനെതിരായ ആക്രമണവുമാണെന്ന് ടിവികെ വിലയിരുത്തി. തെരഞ്ഞെടുപ്പ് പരിഷ്‌കരണം നടത്താനുളള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെയും ടിവികെ എതിര്‍ത്തു. സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകള്‍ കുറയ്ക്കുന്നതിനും ബിജെപി അനുകൂല വോട്ടുകള്‍ വര്‍ധിപ്പിക്കുന്നതിനുമാണ് തെരഞ്ഞെടുപ്പ് പരിഷ്‌കരണമെന്ന് എക്സിക്യൂട്ടീവ് യോഗം കുറ്റപ്പെടുത്തി.