ഗാസയിലെ യുദ്ധമൃഗീയത അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ. കത്തോലിക്ക പള്ളിയിലേക്ക് നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ലിയോ പാപ്പ പതിനാലാമന്റെ ആഹ്വാനം. ഗാസയിലെ ആക്രമണത്തില്‍ അഗാധ ദുഖമുണ്ടെന്നും അദ്ദേഹം രേഖപ്പെടുത്തി. ഞായറാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരുന്നു മാര്‍പാപ്പ ഗാസയിലെ ആക്രമണങ്ങളെ അഭിസംബോധന ചെയ്തത്.
'ഗാസ സിറ്റിയിലെ കത്തോലിക്ക പള്ളി ഇടവകയ്ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ കടുത്ത ദുഖം രേഖപ്പെടുത്തുന്നു. ആക്രമണത്തില്‍ മൂന്ന് ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഇരകള്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഗാസയിലെ സാധാരണക്കാര്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെയുള്ള സൈനിക ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് ഈ പ്രവൃത്തി. യുദ്ധ മൃഗീയത ഉടന്‍ അവസാനിപ്പിക്കണമെന്ന് ഞാന്‍ ആഹ്വാനം ചെയ്യുന്നു', അദ്ദേഹം പറഞ്ഞു.
അതേസമയം സഹായം കാത്ത് നിന്നവര്‍ക്ക് നേരെയുള്ള കടുത്ത ആക്രമണങ്ങളുടെ വിവരങ്ങളും ഗാസയില്‍ നിന്ന് വരുന്നുണ്ട്. ഗാസയില്‍ സഹായം കാത്ത് നിന്നവര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്ന വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്രയേലിന്റെയും അമേരിക്കയുടെയും നേതൃത്വത്തിലുള്ള ജിഎച്ച്എഫിന്റെ സഹായ വിതരണ കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ പരിശോധന നടത്തിയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.