കഴിഞ്ഞ മാസം ബ്രിട്ടനിലെ ജനങ്ങളില്‍ നിന്നും റെക്കോര്‍ഡ് തോതില്‍ നികുതി പിരിച്ചെടുത്ത് ലേബര്‍ ഗവണ്‍മെന്റ്. 100 ബില്ല്യണ്‍ പൗണ്ടാണ് ജൂലൈ മാസത്തിലെ നികുതിവേട്ട. എന്നാല്‍ ഇതിലൊന്നും തൃപ്തിപ്പെടാതെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് കൂടുതല്‍ നികുതി പിരിച്ചെടുക്കാന്‍ ലക്ഷ്യമിടുന്നുവെന്നത് ആശങ്കാജനകമാണ്.
രാജ്യത്തിന്റെ സാമ്പത്തിക മേഖല കൂടുതല്‍ ദുര്‍ബലമാകുന്നുവെന്നത് ചാന്‍സലര്‍ക്ക് കാര്യങ്ങള്‍ ദുഷ്‌കരമാക്കുകയാണ്. റീവ്‌സിന്റെ എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവാണ് ജൂലൈയിലെ വേട്ടയില്‍ സുപ്രധാന സംഭാവന നല്‍കിയത്. എന്നാല്‍ ഈ പദ്ധതി മൂലം സ്ഥാപനങ്ങള്‍ക്ക് ജോലിക്കാരെ പുതുതായി സ്വീകരിക്കുന്നത് ബുദ്ധിമുട്ടായി മാറുകയും, തൊഴിലില്ലായ്മ ഉയരുകയും ചെയ്തു.
നാഷണല്‍ ഇന്‍ഷുറന്‍സ് വഴി മാത്രം കഴിഞ്ഞ മാസം 2.6 ബില്ല്യണ്‍ പൗണ്ട് അധികം ലഭിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 9.5 ബില്ല്യണ്‍ പൗണ്ടാണ് അധികം ലഭിച്ചത്. ഇതുവഴി ജൂലൈയിലെ കടമെടുപ്പ് കുറയ്ക്കാന്‍ ഗവണ്‍മെന്റിന് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഏപ്രില്‍ മുതല്‍ ജൂലൈ വരെ മാസങ്ങളില്‍ 60 ബില്ല്യണ്‍ പൗണ്ടിലാണ് രാജ്യത്തിന്റെ കടമെടുപ്പ്.
ഇതിനിടെ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ വീണ്ടും നികുതി വര്‍ദ്ധനവുമായി റീവ്‌സ് രംഗത്തിറങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നത്. 50 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി നേരിടാന്‍ ചാന്‍സലര്‍ ഇത്തരമൊരു പദ്ധതി അടുത്ത ബജറ്റില്‍ നടപ്പാക്കാനുള്ള സാധ്യതയുണ്ട്. ഇത് മധ്യവര്‍ഗ്ഗക്കാരായ ജനങ്ങളെ തന്നെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക.