മഹാമാരി കാലത്ത് പ്രൈമറിയില്‍ നിന്നും സെക്കന്‍ഡറി സ്‌കൂളിലേക്ക് ചുവടുവെച്ച ആയിരക്കണക്കിന് കൗമാരക്കാര്‍ക്ക് തങ്ങളുടെ ജിസിഎസ്ഇ ഫലങ്ങള്‍ ലഭിച്ചു. ഉന്നത ഗ്രേഡുകളില്‍ പെണ്‍കുട്ടികളും, ആണ്‍കുട്ടികളും തമ്മിലുള്ള വ്യത്യാസം ഇക്കുറിയും തുടര്‍ന്നു.
കാല്‍ശതമാനത്തോളം പെണ്‍കുട്ടികള്‍ ചുരുങ്ങിയത് ഗ്രേഡ് 7 (എ) നേടിയപ്പോള്‍ ഇരുപത് ശതമാനത്തോളം ആണ്‍കുട്ടികള്‍ക്കാണ് ഇതിന് സാധിച്ചത്. 5.1 ശതമാനമാണ് വ്യത്യാസം.
70.5 ശതമാനം പെണ്‍കുട്ടികള്‍ക്കും ചുരുങ്ങിയത് ഗ്രേഡ് 4 (സി) ലഭിച്ചപ്പോള്‍, ആണ്‍കുട്ടികളില്‍ 64.3% പേര്‍ക്കാണ് ഇതിന് സാധിച്ചത്. മുന്‍ വര്‍ഷങ്ങളിലും ഉന്നത ഗ്രേഡുകളില്‍ ലിംഗ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്.
2017 മുതലാണ് നമ്പര്‍ അടിസ്ഥാനമാക്കി ജിസിഎസ്ഇ ഫലങ്ങള്‍ ഗ്രേഡിംഗ് നല്‍കി തുടങ്ങിയത്. ആകെ കണക്കുകളില്‍ 21.9 ശതമാനം കൗമാരക്കാര്‍ക്കാണ് ഗ്രേഡ് 7 (എ) നേടാന്‍ കഴിഞ്ഞത്.
അതേസമയം 67.4% വിദ്യാര്‍ത്ഥികള്‍ സ്റ്റാന്‍ഡേര്‍ഡ് പാസായ 4 (സി) ഗ്രേഡും നേടി. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ നേടിയ ജിസിഎസ്ഇ ഫലങ്ങളുടെ പലത്തില്‍ ഈ വിദ്യാര്‍ത്ഥികള്‍ സിക്‌സ്ത് ഫോം, കോളേജ് അല്ലെങ്കില്‍ ട്രെയിനിംഗിലേക്ക് ചുവടുവെയ്ക്കും.