ബ്രിട്ടന് തലവേദനയായി മാറുന്ന അനധികൃത കുടിയേറ്റക്കാരെ അതിവേഗം നാടുകടത്താനുള്ള പദ്ധതി പ്രഖ്യാപിച്ച് നിഗല്‍ ഫരാഗ്. റിഫോം അധികാരത്തിലെത്തിയാല്‍ 10 ബില്ല്യണ്‍ പൗണ്ട് ചെലവില്‍ കൂട്ട നാടുകടത്തല്‍ പദ്ധതിയുമായി അഞ്ച് വിമാനങ്ങള്‍ ദിവസേന യുകെയില്‍ നിന്നും പറക്കുമെന്നാണ് ഫരാഗ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓപ്പറേഷന്‍ റിസ്റ്റോറിംഗ് ജസ്റ്റിസ് എന്നുപേരിട്ട അഞ്ച് വര്‍ഷ പദ്ധതിയുടെ ഭാഗമായി യുകെയില്‍ ചെറുബോട്ടുകളിലെത്തുന്ന കുടിയേറ്റക്കാര്‍ അഭയാര്‍ത്ഥിത്വം തേടുന്നതിന് വിലക്കും വരും. ആര്‍എഎഫിന്റെ ഉപയോഗിക്കാതെ കിടക്കുന്ന ബേസുകളിലെ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ പാര്‍പ്പിച്ച ശേഷമാണ് നാടുകടത്തുക. സ്വയം നാടുകടത്തലിന് വിധേയമാകാനും അവസരം ലഭിക്കും. ആപ്പ് വഴി ഇത് രേഖപ്പെടുത്തി, നാടുവിടുമ്പോള്‍ 2500 പൗണ്ടും ലഭിക്കുന്ന വിധത്തിലാണ് പദ്ധതി.
റിഫോം പാര്‍ട്ടി കുടിയേറ്റ വിരുദ്ധ നടപടികള്‍ പ്രഖ്യാപിക്കുമ്പോള്‍ മറുഭാഗത്ത് അഭയാര്‍ത്ഥികളെ ഹോട്ടലുകളില്‍ പാര്‍പ്പിക്കാതെ പുറത്താക്കാമെന്ന വിധിയുടെ അങ്കലാപ്പിലാണ് ലേബര്‍ ഗവണ്‍മെന്റ്. എസെക്‌സിലെ ബെല്‍ ഹോട്ടലില്‍ നിന്നും അഭയാര്‍ത്ഥി അപേക്ഷകരെ പുറത്താക്കാന്‍ ലഭിച്ച വിധിയാണ് ലേബറിന്റെ അഭയാര്‍ത്ഥി നയത്തിന് പാരയാകുന്നത്.
കുടിയേറ്റക്കാരെ ഹോട്ടലുകളില്‍ നിന്നും പുറത്താക്കാമെന്ന വിധി സമ്പാദിച്ച ലോക്കല്‍ കൗണ്‍സില്‍ നടപടി രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ സമാനമായ കേസുകളിലേക്ക് നയിക്കുകയാണ്. ഇത് തങ്ങള്‍ക്ക് പാരയാകുമെന്ന് തിരിച്ചറിഞ്ഞാണ് ഗവണ്‍മെന്റ് വിഷയത്തില്‍ അപ്പീലിന് പോകുമെന്ന് വ്യക്തമാക്കുന്നത്. സെപ്റ്റംബര്‍ 12 മുതല്‍ ഹോട്ടലില്‍ അഭയാര്‍ത്ഥി അപേക്ഷകരെ തടയാന്‍ എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്ട് കൗണ്‍സില്‍ ഇഞ്ചംഗ്ഷന്‍ നേടിയിരുന്നു.