ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്ക വിദേശ കുടിയേറ്റക്കാര്‍ക്ക് ചുവപ്പുപരവതാനി വിരിക്കുമെന്ന് ചിന്തിക്കുന്നത് തന്നെ അബദ്ധമാണ്. എന്നാല്‍ നിയമപരമായി രാജ്യത്ത് എത്തി ജോലി ചെയ്ത് ജീവിക്കുന്ന വിസയുള്ളവര്‍ക്ക് നേരെ ട്രംപ് ഭരണകൂടം വാളോങ്ങുന്നുവെന്നത് ഞെട്ടിക്കുന്ന വിഷയമാണ്. നിയമപരമായ യുഎസ് വിസയുള്ള വിദേശികളെയും നാടുകടത്താനുള്ള നീക്കങ്ങളാണ് ട്രംപിന്റെ പുതിയ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പോളിസി പ്രഖ്യാപിച്ചിരിക്കുന്നത്.
വിസയുള്ള 55 മില്ല്യണ്‍ വിദേശികളുടെ രേഖകളാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിവ്യൂ ചെയ്യുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ താമസക്കാര്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടത്തുകയും, ഇത് പ്രകാരം യുഎസില്‍ താമസിക്കാന്‍ യോഗ്യരല്ലാതായി മാറുകയും ചെയ്തിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. വിസയുള്ളവര്‍ക്ക് തുടര്‍ച്ചയായ 'വെറ്റിംഗ്' ഉണ്ടാകുമെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയിരിക്കുന്നത്.
വിസ നല്‍കിയ ശേഷമുള്ള നീതിന്യായ രേഖകളും, ഇമിഗ്രേഷന്‍ രേഖകളും ഉള്‍പ്പെടെയാണ് റിവ്യൂവിനായി ഉപയോഗിക്കുക. വിസാ കാലാവധി കഴിഞ്ഞും താമസിക്കുന്നവര്‍, ക്രിമിനല്‍ നടപടികളില്‍ ഏര്‍പ്പെട്ടവര്‍, പൊതുസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നവര്‍ എന്നിവരെയാണ് ഡിപ്പാര്‍ട്ട്‌മെന്റ് സസൂക്ഷ്മം നിരീക്ഷിക്കുക.
ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ, തീവ്രവാദ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കുകയോ ചെയ്തിട്ടുണ്ടോയെന്ന് പ്രധാനമായും പരിശോധിക്കും. ഇതില്‍ പ്രശ്‌നം കണ്ടെത്തിയാല്‍ വിസ പിന്‍വലിച്ച് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് പോലെ പുറത്താക്കും. ഇതുവരെ അനധികൃതമായി താമസിക്കുന്നവരെ ശ്രദ്ധിച്ചിരുന്ന സ്ഥാനത്താണ് നിയമപരമായി വിസ നേടിയവരെയും ട്രംപ് ഭരണകൂടും ലക്ഷ്യം വെയ്ക്കുന്നത്. ഇതോടെ പലസ്തീന്‍ അനുകൂല, ഇസ്രയേല്‍ വിരുദ്ധ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പങ്കുവെച്ചവര്‍ക്ക് പണികിട്ടാന്‍ സാധ്യതയുണ്ട്.