യുകെ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടീഷ് മണ്ണിലേക്കുള്ള യാത്ര ചുരുക്കുന്നതിന്റെ സൂചനകള്‍ പുറത്ത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം യുകെ യൂണിവേഴ്‌സിറ്റികള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച വിസകളുടെ എണ്ണം താഴേക്ക് പോകുന്നത് തുടരുകയാണ്.
പോസ്റ്റ്-ഗ്രാജുവേറ്റ് ലെവല്‍ ക്വാളിഫിക്കേഷനുകളിലാണ് ഭൂരിപക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പ്രവേശനം നേടിയിരുന്നത്. 2025 ജൂണ്‍ മാസം അവസാനിച്ച വര്‍ഷത്തെ കണക്കുകളില്‍ 98,014 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ ലഭിച്ചു. ഇതേ കാലയളവില്‍ 99,919 ചൈനീസ് വിദ്യാര്‍ത്ഥികള്‍ വിസ നേടി.
ഇരുവിഭാഗത്തില്‍ പെട്ട പൗരന്‍മാരുടെയും വിസ നേടുന്നതില്‍ 11%, 7% എന്ന തോതില്‍ യഥാക്രമം ഇടിവ് ഉണ്ടായി. മാസ്‌റ്റേഴ്‌സിനെത്തുന്ന വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്‌പോണ്‍സേഡ് സ്റ്റഡി വിസ ട്രെന്‍ഡിന് ഇടയാക്കിയത്. 2025 മാര്‍ച്ച് അവസാനം അഞ്ചില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും മാസ്‌റ്റേഴ്‌സ് കോഴ്‌സിനാണ് യുകെയിലെത്തിയത്. എന്നാല്‍ 59% ടചൈനീസ് വിദ്യാര്‍ത്ഥികളാണ് ഇതിന് എത്തിയത്, ഹോം ഓഫീസ് പറയുന്നു.
അതേസമയം അനധികൃത കുടിയേറ്റത്തിന് എതിരായ നിയന്ത്രണം കടുപ്പിച്ചതോടെ തടങ്കലിലാകുന്ന ഇന്ത്യന്‍ പൗരന്‍മാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇരട്ടിയോളം വര്‍ദ്ധിച്ചു.