ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ ദുല്‍ഖര്‍ സല്‍മാനും അമിത് ചക്കാലയ്ക്കലിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസ് നല്‍കും. ഇന്നലെ ഇ ഡി റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷമായിരിക്കും നടപടി. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാന്‍ ഇരുവര്‍ക്കും നിര്‍ദേശം നല്‍കി. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ദുല്‍ഖര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
ഭൂട്ടാന്‍ വാഹന കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ഹവാല സാന്നിധ്യം പരിശോധിക്കാനാണ് ഇ ഡി നീക്കം. ഇന്നലെ നടന്ന റെയ്ഡില്‍ ലഭിച്ച രേഖകളും വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടി. ഇതിനായി ഇ ഡി കൊച്ചി യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് ഉള്‍പ്പെടെ ലഭിച്ച മൊഴികളും സംഘം പരിശോധിക്കും.
കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കും. നിയമോപദേശത്തിനും ശേഷമായിരിക്കും തീരുമാനം. ദുല്‍ഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫെമ ചട്ടം ലംഘിച്ചുവെന്നാണ് ഇ ഡിയുടെ പ്രാഥമിക കണ്ടെത്തല്‍.
കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള സംഘം വഴി ഹവാല ഇടപാടുകള്‍ നടന്നുവെന്നാണ് ഇ ഡി യുടെ സംശയം. ഇന്ത്യന്‍ ആര്‍മിയുടെയും യു എസ് എംബസിയുടെയും രേഖകള്‍ സംഘം വ്യാജമായി നിര്‍മിച്ചുവെന്നും ഈ രേഖകള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ വില്‍പന നടത്തിയെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ 13 മണിക്കൂര്‍ നീണ്ടുനിന്ന പരിശോധന പൂര്‍ത്തിയാക്കിയാണ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ദുല്‍ഖറിന്റെ എളംകുളത്തെ വീട്ടില്‍ നിന്ന് മടങ്ങിയത്. വാഹനങ്ങളുടെ രേഖകള്‍, ഉടമസ്ഥ വിവരങ്ങള്‍, പണം നല്‍കിയ രീതി തുടങ്ങിയ വിവാദങ്ങളാണ് ഇ ഡി നടനില്‍ നിന്നും തേടിയത്. ഇന്നലെ രാവിലെ ഏഴ് മണിമുതലാണ് കേരളത്തിലും തമിഴ്‌നാട്ടിലുമായി 17 കേന്ദ്രങ്ങളിലായി ഒരേസമയം ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചത്. ദുല്‍ഖറിന് പുറമെ നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും വിവിധ കാര്‍ ഷോറൂമുകളിലും ഉള്‍പ്പെടെ ഇ ഡി പരിശോധന നടത്തി.