തിരുവനന്തപുരത്ത് ആഡംബര കാറിന് വേണ്ടി അച്ഛനെ മകന്‍ ആക്രമിച്ചു. പ്രകോപിതനായ അച്ഛന്‍ മകനെ കമ്പിപ്പാരകൊണ്ട് തിരിച്ച് ആക്രമിച്ചു. ആക്രമണത്തില്‍ മകന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഹൃദ്യക്ക് എന്ന 28കാരനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ ഹൃദ്യക്കിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ് ഹൃദ്യക്ക്. സംഭവത്തില്‍ അച്ഛന്‍ വിനയാനന്ദനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ വിനയാനന്ദ് ഒളിവില്‍ പോയെന്നാണ് വിവരം.
28കാരനായ മകന്‍ ആഡംബര കാര്‍ വേണമെന്നന്ന് പറഞ്ഞ് വീട്ടില്‍ സ്ഥിരമായി പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദ് മകന് വാങ്ങി കൊടുത്തിരുന്നു. എന്നാല്‍, ആഡംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടില്‍ തര്‍ക്കം പതിവായിരുന്നു. ഇത്തരത്തില്‍ ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ മകന്‍ അച്ഛനെ ആക്രമിച്ചു. തുടര്‍ന്ന് പ്രകോപിതനായ അച്ഛന്‍ കമ്പിപ്പാര ഉപയോഗിച്ച് മകനെ തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിരന്തരം പണത്തിനുവേണ്ടിയും ആഡംബര ജീവിതത്തിനും വേണ്ടിയും വീട്ടില്‍ മകന്‍ പ്രശ്‌നമുണ്ടാക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്.