ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്. സ്വര്‍ണപ്പാളികള്‍ 2019ലും ഇക്കൊല്ലവും സ്വര്‍ണം പൂശിയതിനു പിന്നില്‍ ഒരു ഉദ്യോഗസ്ഥന്റെ ഇടപെടലുണ്ടായിരുന്നതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. 2019ല്‍ ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടണമെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയതും ഈ ഉദ്യോഗസ്ഥനാണ്.
2019ല്‍ ശബരിമല അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥനിലേക്കാണ് അന്വേഷണം ചെന്നെത്തുന്നത്. ഇയാള്‍ എക്‌സിക്യുട്ടീവ് ഓഫീസറായി എത്തിയപ്പോഴായിരുന്നു വീണ്ടും സ്വര്‍ണംപൂശലിന് നീക്കം തുടങ്ങിയത്. സ്വര്‍ണം പൂശുന്നത് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കാമെന്ന ശുപാര്‍ശ ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിനു മുന്നില്‍വെച്ചതും ഇയാളായിരുന്നു. ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ഡെപ്യൂട്ടി കമ്മിഷണറാണ്.
2019ല്‍ ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണംപൂശാന്‍ തന്ത്രിയുടെ അനുമതി കിട്ടിയിട്ടുണ്ടെന്നും സ്‌പോണ്‍സറായി ഉണ്ണികൃഷ്ണന്‍ പോറ്റി എന്നൊരാള്‍ ഉണ്ടെന്നും ബോര്‍ഡ് ഭരണാധികാരികളെയും കമ്മിഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയും അറിയിച്ചതാണ് ക്രമക്കേടിന്റെ തുടക്കം. ശില്പങ്ങള്‍ ചെമ്പുപാളി പൊതിഞ്ഞതാണെന്ന് മഹസര്‍ തയ്യാറാക്കുകയും ചെയ്തു. ഈ മഹസര്‍ അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം ബോര്‍ഡ് സെക്രട്ടറി എന്നിവര്‍ കണ്ടെങ്കിലും മാറ്റമൊന്നും വരുത്തിയില്ല. ഇതിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ദേവസ്വം വിജിലന്‍സ്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം പാളികള്‍ കൊടുത്തുവിടാമെന്ന കത്ത് ഈ ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയശേഷം കമ്മിഷണറും സെക്രട്ടറിയും കണ്ടെങ്കിലും അത് തടഞ്ഞില്ല. അതിനുശേഷമാണ് ഈ കത്ത് എ പദ്മകുമാര്‍ പ്രസിഡണ്ടായ ദേവസ്വം ബോര്‍ഡിന്റെ പരിഗണനയിലേക്ക് വരുന്നത്. ബോര്‍ഡിന്റെ തീരുമാനത്തിലും സ്വര്‍ണപ്പാളിക്കുപകരം ചെമ്പുപാളിയെന്നാണ് ഉണ്ടായിരുന്നത്. 'ചെമ്പുപാളികളില്‍ സ്വര്‍ണം പൂശുന്നതിന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പിലും ഉത്തരവാദിത്വത്തിലും തിരുവാഭരണം കമ്മിഷണറുടെ നേതൃത്വത്തില്‍ നടപടി ഉണ്ടാകണം' എന്നായിരുന്നു അത്.