
















ഹൈസ്പീഡ് ട്രെയിനില്‍ യാത്രക്കാരെ കുത്തിക്കൊല്ലാന്‍ എത്തിയ അക്രമിയെ സ്വന്തം ജീവന്‍ പോലും പണയം വെച്ച് നേരിട്ട റെയില്‍ ജീവനക്കാരന്‍ റിയല്‍ ഹീറോയെന്ന് പോലീസ്. റെയില്‍ ജീവനക്കാരന്റെ സമയോചിതമായ ഇടപെടലാണ് നിരവധി ജീവനുകള്‍ രക്ഷപ്പെട്ടതെന്ന് പോലീസ് പറയുന്നു. അതേസമയം ഇദ്ദേഹത്തിന് അതീവ ഗുരുതരമായ പരുക്കുകള്‍ ഏല്‍ക്കുകയും ചെയ്തു.
പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കേംബ്രിഡ്ജ്ഷയറിലെ പീറ്റര്‍ബറോയ്ക്കും, ഹണ്ടിംഗ്ടണും ഇടയില്‍ യാത്ര ചെയ്ത ട്രെയിനില്‍ വെച്ചാണ് കത്തിക്കുത്ത് അരങ്ങേറിയത്. പീറ്റര്‍ബറോയില്‍ നിന്നുള്ള 32-കാരനായ ബ്രിട്ടീഷ് പൗരനാണ് ചോദ്യം ചെയ്യല്‍ നേരിടുന്നത്.
പീറ്റര്‍ബറോയില്‍ നിന്നും ട്രെയിന്‍ വിട്ടതിന് പിന്നാലെ 14 മിനിറ്റോളം യാത്രക്കാരെ മുള്‍മുനയിലാക്കി അക്രമം അരങ്ങേറി. കുത്തേറ്റ യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലാതെ കാര്യേജിലൂടെ ഓടേണ്ടിവന്നു. അപകടം മനസ്സിലാക്കിയ ട്രെയിന്‍ ഡ്രൈവര്‍ സ്റ്റോപ്പില്ലാത്ത ഹണ്ടിംഗ്ടണ്‍ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നം.2-ല്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.
പ്ലാറ്റ്‌ഫോമില്‍ കാത്തുനിന്ന പോലീസ് വലിയ കത്തിയുമായി എത്തിയ അക്രമിയെ ടേസര്‍ ചെയ്ത് വീഴ്ത്തി. അറസ്റ്റിലായ മറ്റൊരാള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് തിരിച്ചറിഞ്ഞ് മോചിപ്പിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിന്നും അഞ്ച് പേരെ ചികിത്സ പൂര്‍ത്തിയായി പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം കസ്റ്റഡിയിലുള്ള പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. അക്രമത്തിന് തീവ്രവാദ ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.