
















രാത്രി ഷിഫ്റ്റിലെ ജോലിഭാരം കുറയ്ക്കുന്നതിനായി 10 രോഗികളെ കൊലപ്പെടുത്തുകയും 27 രോഗികളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത നഴ്സിന് ജീവപര്യന്തം തടവ്. പശ്ചിമ ജര്‍മനിയിലെ വൂര്‍സെലെനിലെ നഴ്സാണ് ക്രൂരകൃത്യങ്ങള്‍ക്ക് പിന്നില്‍. നഴ്സിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയിലാണ് തന്റെ പരിചരണത്തിലുണ്ടായിരുന്ന രോഗികളെ നഴ്സ് കൊലപ്പെടുത്തിയത്. ജര്‍മനിയില്‍ ജീവപര്യന്തം തടവിന് അനുഭവിക്കേണ്ട കുറഞ്ഞ കാലയളവ് 15 വര്‍ഷമാണ്. ഇതിനുശേഷം നഴ്‌സിനെ പുറത്തുവിടാനുള്ള സാധ്യത കുറവാണ്. അങ്ങനെ നോക്കുമ്പോള്‍ മരണം വരെയുള്ള ജയില്‍ ശിക്ഷയാകും നഴ്സിന് ലഭിക്കുക.
2024-ലാണ് നഴ്സിനെ അറസ്റ്റ് ചെയ്തത്. രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ വേദനസംഹാരികളോ മയക്കമരുന്നുകളോ നല്‍കിയാണ് രോഗികളെ കൊലപ്പെടുത്തിയത്. രോഗികളില്‍ കൂടുതലും പ്രായമായവരാണ്. ഇത്തരത്തില്‍ കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടോ എന്നറിയാന്‍ മറ്റ് മൃതദേഹങ്ങള്‍ കൂടി പുറത്തെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.