
















കാമറൂണില്‍ എട്ടാം തവണയും അധികാരം നിലനിര്‍ത്തി പോള്‍ ബിയ വീണ്ടും പ്രസിഡന്റ് പദവിയിലേക്ക്. 53.7 ശതമാനം വോട്ട് നേടിയാണ് കാമറൂണ്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് മൂവ്മെന്റ് പാര്‍ട്ടി നേതാവായ പോള്‍ ബിയയുടെ അധികാരത്തുടര്‍ച്ച.
എതിര്‍ സ്ഥാനാര്‍ഥി ഇസ്സ ചിറോമ ബക്കാരി നേടിയത് 35.2 ശതമാനം വോട്ട് മാത്രമാത്രമാണ്. ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയാണ് 92 കാരനായ പോള്‍ ബിയ.
കാമറൂണില്‍ തെരഞ്ഞെടുപ്പിനിടെ വലിയതോതിലുള്ള അക്രമസംഭവങ്ങളാണുണ്ടായത്. പ്രതിപക്ഷ പാര്‍ട്ടികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. 92 കാരനായ പോള്‍ ബിയയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് യുവ ജനസംഘടനകളുടെ ആരോപണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
1982 മുതല്‍ പോള്‍ ബിയ കാമറൂണ്‍ പ്രസിഡന്റാണ്. 1975 മുതല്‍ ഏഴ് വര്‍ഷം രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. ഇക്കാലയളവുകള്‍ കൂട്ടിയാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന വ്യക്തിയായിരിക്കും പോള്‍ ബിയ. 2008ല്‍ പ്രസിഡന്റ് സ്ഥാനത്തിന്റെ കാലാവധി ഇല്ലാതാക്കിയ അദ്ദേഹം തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ ജയിച്ച് ഭരണം നിലനിര്‍ത്തുകയായിരുന്നു.