
















പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി(എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). 2002 ലെ കള്ളപ്പണ പ്രതിരോധ നിയമപ്രകാരം ഇരു സംഘടനകളുടെയും കേരളം ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ 67 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
മലപ്പുറത്തെ ഗ്രീന്‍വാലി അക്കാദമി അടക്കമുള്ള എട്ട് സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഗ്രീന്‍വാലി ഫൗണ്ടേഷന്റെ ഭാഗമായുള്ള കെട്ടിടവും ഭൂമിയും, ആലപ്പുഴ സോഷ്യല്‍ കള്‍ച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍ ട്രസ്റ്റ്, പത്തനംതിട്ടയിലെ പന്തളം എജ്യൂക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ്, ഇസ്ലാമിക് സെന്റര്‍ വയനാട്, ഹരിതം ഫൗണ്ടേഷന്‍ മലപ്പുറം, ആലുവ പെരിയാര്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടന്‍ ട്രസ്റ്റ്, എസ്ഡിപിഐയുടെ തിരുവനന്തപുരത്തെ ഭൂമി എന്നിവയാണ് കണ്ടുകെട്ടിയത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് ഇഡിയും എന്‍ഐഎയും രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടി. പോപ്പുലര്‍ ഫ്രണ്ടിന് സഹായങ്ങള്‍ നല്‍കുന്നത് എസ്ഡിപിഐ ആണെന്നും ഇതുസംബന്ധിച്ച രേഖകള്‍ കിട്ടിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി.
രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചെന്നും രാജ്യത്ത് ഹവാല പണമിടപാട് നടത്തിയെന്നും വിദേശ ഫണ്ട് ഉള്‍പ്പടെ എത്തിച്ച് അവ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നുമായിരുന്നു പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്ര സര്‍ക്കാര്‍ ആരോപണം. ഈ ആരോപണത്തിന് പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐക്കുമെതിരെ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും അഞ്ച് വര്‍ഷത്തേക്ക് നിരോധിക്കുകയായിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകരം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം ഏര്‍പ്പെടുത്തിയത്.