
















ഇസ്രയേല്‍ സേനയുടെ നിയന്ത്രണത്തിലുള്ള തെക്കന്‍ ഗാസയിലെ റഫായില്‍ തുരങ്കങ്ങളില്‍ ഒളിച്ചിരിക്കുന്ന ഹമാസ് സേനാംഗങ്ങള്‍ ഇസ്രയേലിനു കീഴടങ്ങില്ലെന്ന് പലസ്തീന്‍ സംഘടന അറിയിച്ചു. ഇക്കാര്യത്തില്‍ മധ്യസ്ഥ രാജ്യങ്ങള്‍ ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ആയുധംവച്ചു കീഴടങ്ങിയാല്‍ ഗാസയുടെ മറ്റുഭാഗങ്ങളിലേക്ക് പോകാന്‍ അനുവദിക്കാമെന്നാണ് ഇസ്രയേല്‍ നിലപാട്. റഫായിലുള്ള ഹമാസുകാര്‍ തങ്ങളുടെ സേനയ്ക്ക് ആയുധങ്ങള്‍ കൈമാറിയാല്‍ മതിയെന്ന ശുപാര്‍ശ ഈജിപ്ത് മുന്നോട്ടുവച്ചു.
200 ഹമാസ് സേനാംഗങ്ങളാണ് റഫായിലെ തുരങ്കങ്ങളിലുള്ളത്. ഇവര്‍ ഇസ്രയേലിന് കീഴടങ്ങുന്നത് ഹമാസിനെ നിരായുധീകരിക്കുമെന്ന വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥ നടപ്പാക്കാനുള്ള നിര്‍ണായക ചുവടുവയ്പാകുമെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.
അതിനിടെ 2014 ല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ സൈനികന്റെ മൃതദേഹം ഹമാസ് കൈമാറി. ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 69469 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി ഗാസ അധികൃതര്‍ അറിയിച്ചു.