
















സഹോദരിയുടെ മകളെ ലോക്കല്‍ ട്രെയിനില്‍നിന്നു തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ 28-കാരനായ അമ്മാവന്‍ അറസ്റ്റില്‍. തിങ്കളാഴ്ച ഉച്ചയോടെ വസായിലാണ് സംഭവം നടന്നത്. വാളിവ് സ്വദേശിയായ പ്രതിയാണ് അറസ്റ്റിലായത്. ചര്‍ച്ച്ഗേറ്റ്‌വിരാര്‍ ലോക്കല്‍ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കംപാര്‍ട്ട്മെന്റില്‍ മാതൃസഹോദരനൊപ്പമായിരുന്നു പെണ്‍കുട്ടി യാത്ര ചെയ്തിരുന്നത്. ഭയന്ദറിനും നായിഗാവിനും ഇടയിലുള്ള ഭാഗത്ത് വെച്ച് പ്രതി പെണ്‍കുട്ടിയെ ഓടുന്ന ട്രെയിനിന്റെ വാതില്‍പടിയില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ട്രാക്കിലേക്ക് വീണ പെണ്‍കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
പ്രതിയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ശനിയാഴ്ച വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടി വാസായ് ഈസ്റ്റിലുള്ള പ്രതിയുടെ വീട്ടിലെത്തി. എന്നാല്‍, പെണ്‍കുട്ടി ഒരു ബാധ്യതയാകുമെന്ന് മനസിലാക്കിയതോടെ പ്രതി കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മാന്‍ഖുര്‍ദിലാണ് പെണ്‍കുട്ടി അമ്മയോടും ഇളയ സഹോദരനോടുമൊപ്പം താമസിച്ചിരുന്നത്. ശനിയാഴ്ച പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് ഞായറാഴ്ച രാത്രി വാളിവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.05-ഓടെ ഭയന്ദറില്‍ നിന്ന് ട്രെയിനില്‍ കയറുന്നതിന് തൊട്ടുമുമ്പ് പ്രതി പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ച് മകള്‍ തന്നോടൊപ്പമുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് നായിഗാവിനടുത്തുവെച്ച് ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് ദൃക്സാക്ഷികളായ യാത്രക്കാര്‍ ഉടന്‍ തന്നെ പ്രതിയെ പിടികൂടി വസായ് റോഡ് റെയില്‍വേ പോലീസിന് കൈമാറി. പിന്നീട് ഇയാളെ വാളിവ് പോലീസിന് കൈമാറുകയും കോടതിയില്‍ ഹാജരാക്കിയ ശേഷം മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഭയന്ദറിലെ തംഭാ ആശുപത്രിയിലേക്ക് അയച്ചതായി വാളിവ് പോലീസ് സീനിയര്‍ ഇന്‍സ്പെക്ടര്‍ ദിലീപ് ഘുഗെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടി സ്വന്തം അച്ഛനെതിരെ ബലാത്സംഗ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തതായും പോലീസ് പറഞ്ഞു. ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി വാസായിലെ മാതൃസഹോദരന്റെ വീട്ടില്‍ സ്ഥിരമായി വന്നുപോയിരുന്നതും ഇരുവരും തമ്മില്‍ ബന്ധം സ്ഥാപിച്ചതെന്നുമാണ് പോലീസ് വെളിപ്പെടുത്തുന്നത്.