
















നടിയെ ആക്രമിച്ച കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളുടെ ശിക്ഷാവിധിക്ക് തൊട്ടുമുമ്പ് പ്രതികരണവുമായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി അജകുമാര്‍. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കി എന്നാണ് പ്രോസിക്യൂഷന്റെ വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. എട്ടാംപ്രതി കുറ്റവിമുക്തമാക്കപ്പെട്ടത് എന്തുകൊണ്ടെന്ന് വിധിന്യായം പരിശോധിച്ച് മനസ്സിലാക്കുമെന്ന് അജകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തെളിവുകളുടെ അപാകത പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം ലഭിക്കണം. മിനിമം 20 വര്‍ഷമെങ്കിലും പ്രതികളെ ശിക്ഷിക്കാതിരിക്കാന്‍ കഴിയില്ല. വിധിന്യായം പരിശോധിച്ച് മേല്‍ നടപടി സ്വീകരിക്കും. വിധിന്യായം കാണാതെ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് പറയുന്നവരോട് സഹതപിക്കാന്‍ മാത്രമേ കഴിയൂ', അദ്ദേഹം പറഞ്ഞു. അപ്പീല്‍ പോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന് പിന്തുണ നല്‍കിയ സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും നന്ദിയുണ്ടെന്നും അജകുമാര്‍ വ്യക്തമാക്കി.
അതേസമയം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് അല്‍പ്പസമയത്തിനകം പ്രതികളുടെ ശിക്ഷ വിധിക്കും. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിക്കുന്നത്.