
















പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു ആഡംബര റിസോര്‍ട്ടില്‍ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 47 ആയി. റിസോര്‍ട്ടിന്റെ ബാറിന്റെ ബേസ്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. 'ഫ്‌ളാഷ്ഓവര്‍' എന്നറിയപ്പെടുന്ന പ്രതിഭാസമാണ് തീപിടിത്തത്തിന് കാരണമായതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
വാലൈസ് കാന്റണിലെ ക്രാന്‍സ്-മൊണ്ടാനയില്‍ സ്ഥിതി ചെയ്യുന്ന ആല്‍പൈന്‍ റിസോര്‍ട്ടിന്റെ ലെ കോണ്‍സ്റ്റലേഷന്‍ ബാറിലാണ് തീപിടിത്തം ഉണ്ടായത്. തീ വേഗത്തില്‍ വ്യാപിക്കുകയായിരുന്നുവെന്നും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായും പോലീസ് അറിയിച്ചിട്ടുണ്ട്.
സ്ഫോടനത്തിന്റെ കാരണം നിലവില്‍ അന്വേഷിച്ചുവരികയാണെന്ന് വലൈസ് കാന്റണ്‍ അറ്റോര്‍ണി ജനറല്‍ ബിയാട്രിസ് പില്ലൂഡ് പത്രസമ്മേളനത്തില്‍ അറിയിച്ചു. പരിമിതമായ സ്ഥലത്ത് കത്താന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളിലേക്കും പെട്ടെന്ന് ഒരുമിച്ച് തീ പടര്‍ന്നാതാണോ സ്ഫോടനത്തിന് കാരണമെന്നതും അന്വോഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ടെന്ന് പില്ലൂഡ് അറിയിച്ചു. ഫ്‌ളാഷ്ഓവര്‍ പ്രതിഭാസം എന്നാണ് ഇതിനെ പറയുന്നത്.
'സംഭവത്തില്‍ വ്യക്തമാകേണ്ട നിരവധി സാഹചര്യങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി അനുമാനങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. പെട്ടെന്നുള്ള സ്ഫോടനത്തിന് കാരണം ഫ്‌ളാഷ്ഓവര്‍ ആകാനുള്ള സാധ്യതയിലാണ് ഉറച്ചുനില്‍ക്കുന്നത്', പില്ലൂഡ് വ്യക്തമാക്കി. സംംഭവത്തിന്റെ കൃത്യമായ ക്രമം ഇപ്പോഴും വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും അവര്‍ അറിയിച്ചു.
ചൂടുള്ള വാതകങ്ങള്‍ മേലോട്ടു മുറിയുടെ മേല്‍ക്കുരയിലേക്ക് ഉയര്‍ന്ന് ചുവരുകളില്‍ വ്യാപിക്കുമ്പോഴാണ് ഫ്‌ളാഷ്ഓവര്‍ സംഭവിക്കുന്നതെന്ന് യുഎസ് ആസ്ഥാനമായുള്ള നാഷണല്‍ ഫയര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ (എന്‍എഫ്പിഎ) പറയുന്നു. ഇത് താപനില വര്‍ദ്ധിപ്പിക്കുകയും ചൂട് ഒരു നിര്‍ണായക ഘട്ടത്തിലെത്തുമ്പോള്‍ അവിടെയുള്ള എല്ലാ വസ്തുക്കളിലും ഒരുമിച്ച് ഒരേസമയം തീപടര്‍ന്നുപിടിക്കുകയും ചെയ്യുന്നുവെന്നും എന്‍എഫ്പിഎ വ്യക്തമാക്കി.