
















വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരരംഗത്തുണ്ടാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. ജയസാധ്യതയുള്ള സീറ്റ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തുവെങ്കിലും സപ്തതി കഴിഞ്ഞതിനാല്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.
ശാന്തികവാടത്തിലെ വൈദ്യുത ശ്മശാനത്തില്‍ എരിഞ്ഞടങ്ങുന്നതുവരെയും താന്‍ അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി. രാഷ്ട്രീയ ചിന്താശേഷിയിലും ഓര്‍മശക്തിയിലും യുവത്വം നിലനില്‍ക്കുന്നതിനാല്‍ ഏല്‍പ്പിക്കുന്ന ഏത് ചുമതലയും ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ വരവെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം. നേരത്തെ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ രംഗത്തെത്തിയിരുന്നു. മത്സരിക്കുന്നതിന് അയോഗ്യതയില്ലെന്നും താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും എം എം ഹസ്സന്‍ വ്യക്തമാക്കിയിരുന്നു.
വി എം സുധീരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളെ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുവെന്നാണ് സൂചന. തൃശൂരില്‍ വി എം സുധീരന്‍, കണ്ണൂരില്‍ കെ സുധാകരന്‍, നാദാപുരത്തോ പേരാമ്പ്രയിലോ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിങ്ങനെയാണ് സാധ്യതകള്‍. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്ന് സുധീരന്‍ വ്യക്തമാക്കി. ഇതിന് പുറമെ സിനിമ താരങ്ങള്‍ അടക്കമുള്ള സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെയും പരിഗണിക്കുന്നുണ്ട്.