
















കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം. വിധി പറയാന്‍ ജഡ്ജി അര്‍ഹയല്ലെന്ന് ഉള്‍പ്പെടേയുള്ള പരാമര്‍ശങ്ങളാണ് നിയമോപദേശത്തിലുള്ളത്. മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ വിചാരണ കോടതി ജഡ്ജി സംശയ നിഴലിലാണ്. അതിനാല്‍ ജഡ്ജിക്ക് വിധി പറയാന്‍ അവകാശമില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.
ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധിയെന്നും വിമര്‍ശനമുണ്ട്. ഗൗരവമേറിയ നിരവധി തെളിവുകളാണ് ദിലീപിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയത്. എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്.
'ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകള്‍ സമര്‍പ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളി. വിവേചനപരമായിട്ടാണ് ജഡ്ജി പെരുമാറിയത്. തെളിവുകള്‍ പരിശോധിക്കാന്‍ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണ്. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ക്ക് എതിരെ അംഗീകരിച്ച തെളിവുകള്‍ പോലും ദിലീപിനെതിരെ അംഗീകരിച്ചില്ല. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ തുടരാന്‍ അനുവദിച്ചു. അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമര്‍ശങ്ങള്‍', നിയമോപദേശത്തില്‍ പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അപ്പീല്‍ നല്‍കാന്‍ അനുമതി തേടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ആറ് പ്രതികളെ മാത്രം ശിക്ഷിക്കുകയും എട്ടാംപ്രതി നടന്‍ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്ത വിചാരണക്കോടതി വിധിയാണ് ചോദ്യം ചെയ്യുക. അപ്പീല്‍ ഉടന്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്.