
















രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പരാതി നല്‍കിയ അതിജീവിതയ്ക്ക് എതിരെ വ്യാപക സൈബര്‍ ആക്രമണം. സൈബര്‍ ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ട് അതിജീവിത പരാതി നല്‍കി.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരനുമാണ് അതിജീവിത പരാതി നല്‍കിയത്. തന്റെ വ്യക്തിവിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായാണ് പരാതി. വ്യക്തിഹത്യക്ക് എതിരെ ശക്തമായ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷകള്‍ പരിഗണിക്കുക. വിശദമായ തെളിവെടുപ്പിനായി രാഹുലിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടത്. മാവേലിക്കര സബ്ജയിലിലുള്ള രാഹുലിനെ ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരാക്കും.
രാഹുല്‍ മാങ്കൂട്ടത്തിലിനെ അടിയന്തരമായി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കോടതിയില്‍ കഴിഞ്ഞദിവസം പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. രാഹുലുമായി തെളിവെടുപ്പ് നടത്തണമെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. വാദം കേട്ട തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടപടിക്രമങ്ങളുടെ ഭാഗമായി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.14 ദിവസത്തേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണി ആക്കിയെന്നാണ് കേസ്.