
















പരീക്ഷ എഴുതാന്‍ 15 മിനിറ്റ് വൈകിയെത്തിയതിന് സ്‌കൂള്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ട്രെയിനില്‍ നിന്നും ചാടി ജീവനൊടുക്കി. പട്നയിലെ മഹാരാജ് ചക്കിന് സമീപമുള്ള പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം. കോമള്‍ കുമാരിയാണ് മരിച്ചത്. പരീക്ഷ എഴുതാനാകാതെ വീട്ടിലേക്കു മടങ്ങിയ കോമള്‍ കുമാരി പിന്നീടു നദൗല്‍ റയില്‍വേ സ്റ്റേഷനിലെത്തി ട്രെയിന്‍ കയറി. മസൗഡി സ്റ്റേഷന്‍ എത്തുന്നതിനു മുന്‍പ് ട്രെയിനില്‍ നിന്നു ചാടുകയായിരുന്നു
ബന്ധുവീട്ടില്‍ താമസിച്ച് പഠിക്കുകയായിരുന്ന കോമളിന്റെ പരീക്ഷാ കേന്ദ്രം ആറ് കിലോമീറ്റര്‍ അകലെയായിരുന്നു. രാവിലെ 9 മണിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ കോമള്‍ എത്തിയപ്പോള്‍ 9:15 ആയിരുന്നു. അപ്പോഴേക്കും സ്‌കൂള്‍ ഗേറ്റുകള്‍ അടച്ചിരുന്നു. 'പരീക്ഷ തുടങ്ങാന്‍ ഇനിയും സമയമുണ്ട്, എന്റെ ജീവിതത്തിന്റെ കാര്യമാണ്, ദയവായി പ്രവേശനം നല്‍കണം' എന്ന് കോമള്‍ അപേക്ഷിച്ചെങ്കിലും അധികൃതര്‍ ഗേറ്റ് തുറക്കാന്‍ തയ്യാറായില്ല. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോമളിന്റെ അച്ഛന്‍ ഇതരസംസ്ഥാനത്ത് തൊഴിലാളിയായി ജോലി ചെയ്യുകയാണ്. മൂന്ന് മക്കളില്‍ മൂത്തവളാണ് കോമള്‍.