
















അമേരിക്കയുമായി ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്ന് ഇറാന്‍ ദേശീയ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി. ഒമാന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചയ്ക്ക് ഇറാന്‍ ശ്രമം തുടങ്ങിയെന്ന് ഇന്നലെ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചര്‍ച്ചയ്ക്ക് അവര്‍ തയ്യാറാണെന്ന് പറഞ്ഞതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രതികരിച്ചിരുന്നു. ചര്‍ച്ചയ്ക്ക് ശ്രമം എന്ന അല്‍ ജസീറ വാര്‍ത്ത പങ്ക് വെച്ചാണ് ലാരിജാനിയുടെ പ്രതികരണം. യുദ്ധം തങ്ങള്‍ തുടങ്ങിയതല്ലെന്നും ഇപ്പോള്‍ ട്രംപ് ഭയക്കുകയാണെന്നും അലി ലാരിജാനി പറഞ്ഞു. സ്വന്തം ഭാവനകള്‍ക്ക് പുറകെ പോയി പശ്ചിമേഷ്യയെ തന്നെ ട്രംപ് കുഴപ്പത്തിലേക്ക് വിട്ടു. കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുമെന്ന് ഇപ്പോള്‍ ട്രംപ് ഭയപ്പെടുകയാണ്. അതിനാലാണ് ചര്‍ച്ചയ്ക്ക് ശ്രമം നടക്കുന്നുവെന്ന് പറയുന്നത്. ഇസ്രയേലിന്റെ അധികാര ദാഹത്തിന് വേണ്ടി അമേരിക്കന്‍ സൈനികരെ കുരുതികൊടുക്കുകയാണ്. ട്രംപിന്റെ നയം ഇസ്രായേല്‍ ഫസ്റ്റ് എന്നാണെന്നും അമേരിക്ക അല്ലെന്നും ലാരിജാനി തുറന്നടിച്ചു. അമേരിക്കയുമായി ചര്‍ച്ചയില്ലെന്നും ലാരിജാനി വ്യക്തമാക്കി. ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ പറയുന്നതോടെ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.