
















മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം, റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം നിലച്ച പശ്ചാത്തലത്തിലാണ് ആലോചന. വിഷയം ചര്‍ച്ചചെയ്യാന്‍ പൊതുമേഖല എണ്ണ ശുദ്ധീകരണ കമ്പനികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു.
പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് വീണ്ടും കൂട്ടുന്നത് അടക്കം പരിഗണനയിലാണ്. യുഎസുമായുള്ള വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചിരുന്നു.
യുഎസുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശം. പ്രതിസന്ധി തുടര്‍ന്നാല്‍ ഇന്ധന കയറ്റുമതി നിയന്ത്രിക്കുന്നതും ഗാര്‍ഹിക വാതകത്തിനും പൈപ്പ് വഴിയുള്ള വിതരണത്തിനും മുന്‍ഗണന നല്‍കുന്നതും പരിഗണനയിലുണ്ട്. ആഭ്യന്തര വിപണിയിലേക്ക് കൂടുതല്‍ ഇന്ധനം തിരിച്ചുവിടാന്‍ സ്വകാര്യ കമ്പനികളില്‍ സമ്മര്‍ദ്ദം ചെലുത്താനും സാധ്യത. രണ്ടാഴ്ചത്തേക്കുള്ള എണ്ണ സ്റ്റോക്ക് ഉണ്ടെന്ന് യോഗത്തില്‍ വിലയിരുത്തല്‍
ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചു. വിലക്ക് ലംഘിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റവലൂഷണറി ഗാര്‍ഡ് കമാന്‍ഡറുടെ ഉപദേശകന്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായി.