
















കാര്‍ഡിഫ് : കാര്‍ഡിഫ് ഡ്രാഗന്‍സ് കഴിഞ്ഞ ശനിയാഴ്ച, മാര്‍ച്ച് 7ന് സംഘടിപ്പിച്ച ആശിഷ് മെമ്മോറിയല്‍ ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് ആവേശകരമായ മത്സരങ്ങള്‍ക്കൊടുവില്‍ സമാപിച്ചു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത ഈ ടൂര്‍ണമെന്റില്‍ ആതിഥേയരായ കാര്‍ഡിഫ് ഡ്രാഗന്‍സ് ചാമ്പ്യന്മാരായി. അകാലത്തില്‍ നമ്മെ വിട്ടുപോയ കാര്‍ഡിഫ് മലയാളികളുടെ പ്രിയങ്കരനായ ആശിഷിന്റെ സ്മരണയെ അനുസ്മരിച്ച് കാര്‍ഡിഫ് ഡ്രാഗന്‍സ് സംഘടിപ്പിച്ച ടൂര്‍ണമെന്റ്

കാര്‍ഡിഫ് നഗരത്തിന്റെ മഹാനിയനായ ലോര്‍ഡ് മേയര്‍ അഡ്രിയന്‍ റോബ്‌സണ്‍ , കൗണ്‍സിലര്‍ ജെയ്ന്‍ കോവാന്‍, വോളിബോള്‍ വെയില്‍സ് ചെയര്‍മാന്‍ കാള്‍ ഹാര്‍വുഡ് തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ ചേര്‍ന്ന് ഭദ്ര ദീപം തെളിയിച്ച് ഉത്ഘാടനം നിര്‍വഹിച്ചു. പ്രിയങ്കരനായ ആശിഷിന്റെ പിതാവ് ശ്രീ തങ്കച്ഛന്‍ ടൂര്‍ണമെന്റിന്റെ ആദ്യ സര്‍വീസ് നിര്‍വഹിച്ചു.
ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും ലിവര്‍പൂള്‍ ലയണ്‍സ്, ഷെഫ്ഫീല്‍ഡ് സ്‌ട്രൈകേഴ്‌സ്, RDX മഞ്ചെസ്റ്റര്‍, കാര്‍ഡിഫ് ഡ്രാഗന്‍സ് എന്നിവര്‍ ആണ് സെമിയിലേക് യോഗ്യത നേടിയത്. ശക്തമായ സെമി പോരാട്ടങ്ങള്‍ക് ഒടുവില്‍ കാര്‍ഡിഫ് ഡ്രാഗന്‍സും RDX മഞ്ചേസ്റ്ററും ഫൈനലിലേക് നടന്നു കയറി.
ഫൈനലില്‍ ഇന്ത്യയിലെ തന്നെ മികച്ച താരനിരയുമായി ഇറങ്ങിയ മാഞ്ചസ്റ്റര്‍ ടീം ശക്തമായി പോരാട്ടം കാഴ്ചവെച്ചെങ്കിലും , ടീം ഒത്തിണക്കത്തിന്റെ പര്യായമായ കാര്‍ഡിഫ് ഡ്രാഗണ്‍സിന് മുന്നില്‍ മാഞ്ചസ്റ്റര്‍ ടീം അടിപതറുകയായിരുന്നു. മുന്‍ ജൂനിയര്‍ ഇന്ത്യന്‍ പ്ലയെര്‍ ആകാശ്, മുന്‍ കേരള താരം മാര്‍ഷല്‍, ആര്‍മിയുടെ താരം മാര്‍ട്ടിന്‍ , പാകിസ്താനി താരം തയ്യിബ് തുടങ്ങിയ വമ്പന്മാര്‍ അണിനിരന്ന മഞ്ചെസ്റ്റര്‍ ടീമിന് കളിയുടെ ഒരു ഘട്ടത്തില്‍ പോലും കാര്‍ഡിഫിനു മേല്‍ അധിപത്യം നേടാന്‍ കഴിഞ്ഞില്ല. കാര്‍ഡിഫിന്റെ ബിനീഷ് എന്ന അധികായകനും, ശിവ എന്ന ഓള്‍ റൗണ്ടറും മഞ്ചേസ്റ്ററിനു മേല്‍ ശക്തമായ ആക്രമണം അഴിച്ചു വിട്ടു. ഒരു ഘട്ടത്തില്‍ ഇഞ്ചുറിയില്‍ പതുങ്ങിയ എമില്‍ കൂടി ഫോമില്‍ എത്തിയപ്പോള്‍ സെറ്റര്‍ ആല്‍ബര്‍ട്ടിനു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. കാര്‍ഡിഫിന്റെ സര്‍വീസ് ''മെഷീന്‍ ''ശുഭം ആക്രമിച്ചു കളിച്ചപ്പോള്‍ മഞ്ചേസ്റ്ററിന്റെ പാസ്സുകള്‍ ബാക്ക് കോര്‍ട്ടില്‍ മാത്രം നിന്നു.ഒരുപക്ഷെ ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റതിന് ഉള്ള മധുരപ്രതികാരം.

ടൂര്‍ണമെന്റിലെ മികച്ച അറ്റാക്കര്‍ ആയി കാര്‍ഡിഫിന്റെ ബിനീഷ്, ഓള്‍ റൗണ്ടര്‍ ആയി കാര്‍ഡിഫിന്റെ ശുഭം, സെറ്റര്‍ ആയി മഞ്ചേസ്റ്ററിന്റെ ആകാശ്, എമെര്‍ജിങ് പ്ലയെര്‍ ആയി കാര്‍ഡിഫിന്റെ അജിത് എന്നിവരെ തിരഞ്ഞെടുത്തു. ഡോക്ടര്‍ മൈക്കിള്‍, ജോസ് കാവുങ്കല്‍ എന്നിവരാണ് കാര്‍ഡിഫ് ഡ്രാഗന്‍ നയിക്കുന്നത്. കാര്‍ഡിഫിലെ 51 പേര്‍ അടങ്ങിയ ഒരു ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് ആണ് കാര്‍ഡിഫ് ഡ്രാഗന്‍സ്.
(സുമേഷന്‍ പിള്ള)