
















ഇറാന്റെ പരമോന്നത നേതാവിനെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വന്‍ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഇറാനിയന്‍ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അമേരിക്ക 10 ദശലക്ഷം ഡോളര്‍ (ഏകദേശം 926048500 രൂപ) ആണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വെബ്സൈറ്റ് പ്രകാരം, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി ബന്ധപ്പെട്ട പത്ത് ഉദ്യോഗസ്ഥരെയാണ് വന്‍ പ്രതിഫല വാഗ്ദാനത്തിലൂടെ ലക്ഷ്യമിടുന്നത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം രൂപീകരിച്ച ഈ സൈനിക വിഭാഗം പരമോന്നത നേതാവിനോട് കൂറുള്ളവരും ഷിയാ പുരോഹിത ഭരണകൂടത്തെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവരുമാണ്.
ഫെബ്രുവരി 28ന് സംയുക്ത യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ അലി ഖമേനിയും മറ്റ് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മുജ്തബ ഖമേനി ഇറാന്റെ പരമോന്നത നേതാവായി സ്ഥാനമേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റതായി വിശ്വസിക്കപ്പെടുന്ന മുജ്തബ ഖമേനി ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും വ്യാഴാഴ്ച തന്റെ ആദ്യ പ്രസ്താവന പുറത്തുവിട്ടിരുന്നു. മുജ്തബ ഖമേനി പരിക്കേറ്റ അവസ്ഥയിലാണെന്നും മിക്കവാറും വിരൂപനാക്കപ്പെട്ടിട്ടുണ്ടാകാമെന്നുമാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെട്ടത്.
പരമോന്നത നേതാവിന് പുറമെ, ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി, ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബ്, ആഭ്യന്തര മന്ത്രി എസ്‌കന്ദര്‍ മൊമേനി, ഖമേനിയുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും അമേരിക്ക തേടുന്നുണ്ട്. ഇറാന്റെ നേതൃത്വം ഭൂഗര്‍ഭ അറകളില്‍ ഭീതിയോടെ ഒളിച്ചിരിക്കുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി അവകാശപ്പെട്ടിരുന്നെങ്കിലും, വെള്ളിയാഴ്ച ടെഹ്റാനില്‍ നടന്ന ഒരു റാലിയില്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനും വിദേശകാര്യമന്ത്രി അബ്ബാസ് അരാഖിക്കുമൊപ്പം ലാരിജാനി പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു