
















പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് അമേരിക്ക അവതരിപ്പിച്ച കാര്യങ്ങള്‍ പരിശോധിച്ച് വരുകയാണെന്നും എന്നാല്‍ സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാന്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ തയ്യാറാണെന്ന അവകാശവാദങ്ങള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് പറയുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രതികരണം.
ഇറാനെതിരെ യുദ്ധം നടത്താന്‍ പ്രേരിപ്പിച്ച അമേരിക്കയുടെ ലക്ഷ്യങ്ങള്‍ ഫലം കണ്ടില്ലെന്നും യുദ്ധത്തില്‍ ഇറാന്റെ പരാജയവും ഭരണമാറ്റവും യുഎസ് ലക്ഷ്യവെച്ചിരുന്നെന്നും ഇതൊന്നും നേടാതെ അമേരിക്ക പരാജയപ്പെട്ടെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ പ്രതിരോധശേഷിയും സുരക്ഷയും ഒരു രാജ്യത്തിനും തകര്‍ക്കാന്‍ കഴിയില്ലെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. ഇറാന്‍ ഒരിക്കലും സംഘര്‍ഷം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉടന്‍ തന്നെ സംഘര്‍ഷങ്ങള്‍ക്ക് സ്ഥിരമായുള്ള പരിഹാരം കാണാന്‍ ആഗ്രഹിക്കുന്നുവെന്നും വിദേശകാര്യമന്ത്രി അരാഗ്ചി പറഞ്ഞു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി ഹോര്‍മൂസ് കടലിടുക്ക് തുറന്ന നല്‍കുമെന്നും അദേഹം കുട്ടിച്ചേര്‍ത്തു.
അതേസമയം ഇന്നും പശ്ചിമേഷ്യയില്‍ ഇറാന്‍ ആക്രമണങ്ങള്‍ ശക്തമാക്കി. യുഎഇയില്‍ പുലര്‍ച്ചെയുണ്ടായ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച് സുരക്ഷാസേന. ബഹ്‌റൈനിലും ഇറാന്റെ ആക്രമണമുണ്ടായി. മുഹ്‌റഖ് മേഖലയില്‍ തീ പിടിത്തം നടന്നതായി റിപ്പോര്‍ട്ട് ചെയ്തു. ആളപായം ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സൗദിയില്‍ കിഴക്കന്‍ മേഖലയില്‍ നടന്ന ആക്രമണത്തില്‍ ഇറാന്റെ മൂന്ന് ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ സേന അറിയിച്ചു.