CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 16 Minutes 1 Seconds Ago
Breaking Now

'ഇത്തവണ 650 മാര്‍ക്ക് പ്രതീക്ഷിച്ചു, പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ മനോവിഷമം'; നീറ്റ് ഉദ്യോഗാര്‍ഥി ജീവനൊടുക്കി

കഴിഞ്ഞ മൂന്നുവര്‍ഷമായി മെഡിക്കല്‍ പഠനപ്രവേശന പരീക്ഷയായ നീറ്റിന്റെ പരിശീലനത്തിലായിരുന്നു പ്രദീപ്.

രാജസ്ഥാനിലെ സിക്കാറില്‍ നീറ്റ് ഉദ്യോഗാര്‍ഥി ജീവനൊടുക്കി. ജുന്‍ജുനു ജില്ലയിലെ ഗുധ ഗോഡ്ജി സ്വദേശിയായ പ്രദീപ് മേഘ്‌വാള്‍ (22) ആണ് മരിച്ചത്. നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രദീപ് മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ മൂന്നുവര്‍ഷമായി മെഡിക്കല്‍ പഠനപ്രവേശന പരീക്ഷയായ നീറ്റിന്റെ പരിശീലനത്തിലായിരുന്നു പ്രദീപ്. സിക്കാറിലെ പിപ്രാലി റോഡില്‍ വാടകയ്ക്ക് താമസിച്ചു കോച്ചിങ് കേന്ദ്രത്തില്‍ പോയി പഠിച്ചുവരികയായിരുന്ന പ്രദീപ്, ഇത്തവണത്തെ നീറ്റ് പരീക്ഷയ്ക്ക് 650ലധികം മാര്‍ക്ക് പ്രതീക്ഷിച്ചിരുന്നു. മെഡിക്കല്‍ പ്രവേശനം ലഭിക്കുമെന്ന് പ്രദീപും കുടുംബവും പ്രതീക്ഷിച്ചിരിക്കെ പരീക്ഷ റദ്ദാക്കിയതോടെ യുവാവ് വിഷാദത്തിലാകുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.

വെള്ളിയാഴ്ച വീട്ടിലെ മുറിയിലാണ് പ്രദീപിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൂത്തസഹോദരിയാണ് പ്രദീപിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ആന്‍സര്‍ കീ അനുസരിച്ച് പ്രദീപ് 650ലധികം മാര്‍ക്ക് നേടി മെഡിക്കല്‍ പ്രവേശനം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പിതാവ് രാജേഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷമായി മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കായി മകന്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു. ഇത്തവണ മികച്ച രീതിയില്‍ പരീക്ഷ എഴുതിയതാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ മുഴുവന്‍ സമ്പാദ്യവും ചെലവഴിച്ചാണ് മകനെ പഠിപ്പിച്ചതെന്ന് പിതാവ് പറഞ്ഞു. ഏകദേശം 11 ലക്ഷത്തോളം ചെലവഴിച്ചു. പ്രദീപിന് നല്ലൊരു ഭാവി ഉണ്ടാകാനായി തങ്ങള്‍ വീട് പണിപോലും മാറ്റിവെച്ചാണ് പഠിപ്പിച്ചിരുന്നതെന്നും അദ്ദേഹം വേദനയോടെ കൂട്ടിച്ചേര്‍ത്തു.

പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി പ്രദീപിന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഉദ്യോഗ് നഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉദ്യോഗാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് നാട്ടുകാര്‍ രോഷാകുലരാണ്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടം പ്രതിഷേധിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.