
















യുകെയിലെ നോര്‍തേണ്‍ അയര്‍ലന്‍ഡില്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ മലയാളിക്ക് കോടതി 20 മാസത്തെ ഡ്രൈവിങ് വിലക്കും 80 മണിക്കൂര്‍ സാമൂഹിക സേവനവും ശിക്ഷയായി വിധിച്ചു. തൊണ്ടയിലെ ഇന്‍ഫെക്ഷന്‍ മാറാന്‍ മദ്യം കഴിച്ചതാണെന്നായിരുന്നു പ്രതിയുടെ കോടതിയിലെ വിശദീകരണം.
ബെല്‍ഫാസ്റ്റിലെ കോസ്ഗ്രേവ് കോര്‍ട്ടില്‍ താമസിക്കുന്ന ജോജി തോമസ് (46) ആണ് ശിക്ഷിക്കപ്പെട്ടത്. ഏപ്രില്‍ 27-ന് നോര്‍ത്ത് ബെല്‍ഫാസ്റ്റിലെ ചര്‍ച്ച് സ്ട്രീറ്റില്‍ സ്‌കൂളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ ഇയാള്‍ ഓടിച്ച കാര്‍ ഇടിച്ചുകയറുകയായിരുന്നു.
അപകടസമയത്ത് കാറില്‍ മൂന്ന് വയസും 11 വയസും പ്രായമുള്ള രണ്ട് കുട്ടികള്‍ ഉണ്ടായിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അപകടത്തിന് പിന്നാലെ വാഹനം ഉപേക്ഷിച്ച് സമീപത്തെ സ്‌കൂള്‍ പരിസരത്തേക്ക് കടന്ന ജോജിയെ നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് കണ്ടെത്തി.
പരിശോധനയില്‍ ശരീരത്തില്‍ അനുവദനീയ പരിധിയുടെ മൂന്നിരട്ടി മദ്യത്തിന്റെ അളവ് കണ്ടെത്തി. തുടര്‍ന്ന് മദ്യലഹരിയില്‍ വാഹനമോടിച്ചതായി ജോജി തോമസ് കോടതിയില്‍ കുറ്റസമ്മതം നടത്തി.
അഞ്ച് വര്‍ഷം മുമ്പ് കുടുംബത്തോടൊപ്പം നോര്‍തേണ്‍ അയര്‍ലന്‍ഡിലേക്ക് കുടിയേറിയ ജോജി, സംഭവദിവസം അസുഖബാധിതനായിരുന്നുവെന്നും ജോലിയില്‍ നിന്ന് അവധി എടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നുവെന്നും കോടതിയെ അറിയിച്ചു. തൊണ്ടയിലെ ഇന്‍ഫെക്ഷന്‍ മാറാന്‍ ശരീരം വിയര്‍ക്കണമെന്ന് സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചതിനെ തുടര്‍ന്നാണ് മദ്യം കഴിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
എന്നാല്‍ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ ബെല്‍ഫാസ്റ്റ് മജിസ്ട്രേറ്റ് കോടതി 20 മാസത്തെ ഡ്രൈവിങ് വിലക്കും 80 മണിക്കൂര്‍ സാമൂഹിക സേവനവും ശിക്ഷയായി വിധിച്ചു. കുട്ടികള്‍ വാഹനത്തിലുണ്ടായിരുന്നതിനാല്‍ സാമൂഹിക സേവന വിഭാഗവും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.