
















ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര ഗതാഗത പാതകളിലൊന്നായ ഇംഗ്ലീഷ് ചാനലില്‍ യുകെ പതാകയേന്തിയ ഒരു യാച്ചിന് നേരെ റഷ്യന്‍ യുദ്ധക്കപ്പല്‍ മുന്നറിയിപ്പ് വെടിവയ്പ് നടത്തിയതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ചാനലിലൂടെ സഞ്ചരിക്കുകയായിരുന്ന റഷ്യന്‍ നാവികസേനയുടെ അഡ്മിറല്‍ ഗ്രിഗോറോവിച്ച് യുദ്ധക്കപ്പലാണ് ബ്രൈറ്റ് ഫ്യൂച്ചര്‍ എന്ന യാച്ചിന് നേരെ വെടിയുതിര്‍ത്തത്.തങ്ങളുടെ യുദ്ധക്കപ്പലുമായി കൂട്ടിയിടിക്കാവുന്ന തരത്തില്‍ അപകടകരമായ പാതയിലായിരുന്നു യാച്ച് സഞ്ചരിച്ചിരുന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യാച്ചിന്റെ സഞ്ചാരദിശ ആശങ്കയുണര്‍ത്തിയതിനെ തുടര്‍ന്ന് റേഡിയോ സന്ദേശങ്ങളിലൂടെ ജീവനക്കാരെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നാണ് റഷ്യയുടെ വിശദീകരണം.
തുടര്‍ന്ന് യാച്ചിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഫ്ളെയറുകള്‍ ഉപയോഗിച്ചെങ്കിലും ഗതി മാറ്റാന്‍ തയ്യാറായില്ല. ഒടുവില്‍ യാച്ച് ഏകദേശം 150 മീറ്റര്‍ അകലത്തിലെത്തിയപ്പോള്‍ മുന്നറിയിപ്പ് വെടിവയ്ക്കാന്‍ കമാന്‍ഡര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. വെടിവയ്പ്പിന് പിന്നാലെ യാച്ച് ദിശ മാറ്റി സുരക്ഷിതമായി യാത്ര തുടര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം, കടലില്‍ ഉണ്ടായേക്കാവുന്ന കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചതെന്ന് സ്ഥിരീകരിച്ചു. സംഭവം യുകെയുടെ സമുദ്രാതിര്‍ത്തിക്ക് പുറത്താണ് നടന്നതെന്നതിനാല്‍ നിയമനടപടികള്‍ക്ക് സാധ്യത കുറവാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇംഗ്ലീഷ് ചാനലിലൂടെ കടന്നുപോകുന്ന റഷ്യന്‍ നാവിക കപ്പലുകളുടെ നീക്കങ്ങള്‍ യുകെ സൈന്യം പതിവായി നിരീക്ഷിക്കാറുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു റഷ്യന്‍ എണ്ണക്കപ്പലിനെ ബ്രിട്ടീഷ് സേന തടഞ്ഞ സംഭവവും ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ പുതിയ വെടിവയ്പ് സംഭവവും അതും തമ്മില്‍ ബന്ധമില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
സംഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ സംഘര്‍ഷാന്തരീക്ഷത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്